കൊച്ചി: മേൽപ്പാലങ്ങൾ തുറന്നുകൊടുത്ത ശേഷവും എറണാകുളം വൈറ്റില ജംഗ്ഷനിൽ തുടർന്നിരുന്ന ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. പരീക്ഷണാടിസ്ഥാനത്തിൽ മേൽപ്പാലത്തിനടിയിലൂടെയുള്ള ക്രോസിങ് ട്രാഫിക് പൊലീസ് അടച്ചു. കൊച്ചി ഈസ്റ്റ് ട്രാഫിക് എസിപി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സംവിധാനമൊരുക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് പൊലീസ് നടപടി.

 

മേൽപ്പാലം തുറന്ന ദിവസത്തെ വൈകുന്നേരം തന്നെ വൈറ്റില ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പാലം വന്നിട്ടും പ്രശ്നത്തിന് പരിഹാരമായില്ലേ എന്ന് ആശങ്കയുണ്ടായ സാഹചര്യത്തിലാണ് ട്രാഫിക് പൊലീസിന്റെ ഇടപെടൽ. വില്ലനായ സിഗ്നൽ ലൈറ്റ് ഓഫാക്കി പാലത്തിനടിയിലെ ക്രോസിങ് അടച്ചാണ് പുതിയ സിഗ്നൽ പരിഷ്കാരം

ഒരാഴ്ചയോളം നീളുന്ന പരീക്ഷണങ്ങൾക്കും അവയടിസ്ഥാനമാക്കിയുള്ള ബദലുകൾക്കും ശേഷമേ വൈറ്റില ബ്ലോക്കിൻ്റെ പുതിയ പൾസറിഞ്ഞുള്ള പരിഹാരമൊരുക്കാനാവൂ. എങ്ങനെ പ്രശ്നം തീർക്കാമെന്ന് ചർച്ച ചെയ്യാൻ ട്രാഫിക്ക് കമ്മീഷണർ പിഡബ്ള്യുഡിക്ക് കത്തയച്ചിട്ടുണ്ട്. ഇതിനൊരു പരിഹാരമായാൽ മാത്രമേ മേൽപ്പാലം വന്നതിൻ്റെ ഗുണം കൊച്ചിക്കാർക്ക് കിട്ടൂ.