Asianet News MalayalamAsianet News Malayalam

'മാധ്യമങ്ങൾക്ക് വിവരം നൽകി', വൈറ്റില പാലം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഷൈലാ മോളെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്‍റേതാണ് നടപടി. നേരത്തേ റിപ്പോർട്ട് ചോർന്നതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്നാണ് വിവരം. 

vyttila bridge irregularities asst executive engineer under suspension for leaking the reports to media
Author
Kochi, First Published Jul 28, 2019, 7:16 PM IST

കൊച്ചി: വൈറ്റില പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഷൈലാ മോളെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്‍റേതാണ് നടപടി. നേരത്തേ റിപ്പോർട്ട് ചോർന്നതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്ന് സൂചനകളുണ്ടായിരുന്നു. 

പാലം നിർമാണത്തിന്‍റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ടാണ് ഉദ്യോഗസ്ഥ നൽകിയിരുന്നത്. പാലം പണിയിൽ കാര്യമായ ക്രമക്കേട് നടന്നെന്നാണ് ഇവർ കണ്ടെത്തിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാം ഘട്ട പരിശോധനയിൽ നിർമാണത്തിൽ കുഴപ്പമില്ലെന്നാണ് കണ്ടെത്തൽ. രണ്ടാം ഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് മന്ത്രിയുടെ ഓഫീസിന്‍റെ കണ്ടെത്തൽ. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങൾ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫ് വിജിലൻസിന് റിപ്പോർട്ട് നൽകിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു. ഈ കാര്യങ്ങളുന്നയിച്ചാണ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷിച്ച ശേഷം, പാലം നി‍ർമാണത്തിൽ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്രാന്വേഷണം നടത്തിയത് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദഗ്‍ധരാണ്. പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.  

അതേസമയം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍റെ ഓഫീസ് അറിയിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതില്‍ മന്ത്രി ജി.സുധാകരന്‍ ഉദ്യോഗസ്ഥരെ ശകാരിച്ചതായാണ് വിവരം. 

വൈറ്റില മേൽപ്പാലം നിർമ്മാണത്തിന്‍റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് പൊതുമരാമത്തു വകുപ്പ് ജില്ലാ വിജിലൻസ് ഓഫീസർ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കോൺക്രീറ്റ് നടക്കുന്ന സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് കണ്ടെത്തിയത്. കോൺക്രീറ്റ് മിക്സിംഗിലെ മാറ്റങ്ങൾ അംഗീകരിക്കേണ്ടത് ഇദ്ദേഹമാണ്. കരാറുകാർ കോൺക്രീറ്റ് തയ്യാറാക്കുന്നത് പരിചയ സമ്പന്നരായ സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ മാസം പതിമൂന്നിന് പണിത ഗർഡർ, പതിനാലിന് സ്ഥാപിച്ച ഡെക്ക് സ്ലാബ് എന്നിവക്ക് ഉപയോഗിച്ച കോൺക്രീറ്റിന്‍റെ ഗുണനിലവാരം സംബന്ധിച്ച പരിശോധന ഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ മാസം രണ്ടാം തീയതി ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്തപ്പോൾ നടത്തിയ പരിശോധനയിലും പരിചയ സമ്പന്നരായ സൂപ്പർ വൈസർമാരെ കരാറുകാരൻ നിയമിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ജില്ലാ വിജിലൻസ് ഓഫീസർ ഡെപ്യൂട്ടി ചീഫ് വിജിലൻസ് ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പ്ലാന്‍റിൽ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബുമില്ല. 

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അസാന്നിധ്യം പണികളെ ബാധിക്കുമെന്ന് മേലുദ്യാഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥർ കൃത്യ നിർവഹണത്തിൽ വരുത്തിയ വീഴ്ചയാണ് ഗുണനിലവാരം കുറയാൻ കാരണമെന്നാണ് വിജിലൻസ് വിഭാഗത്തിന്‍റെ നിഗമനം. 

Follow Us:
Download App:
  • android
  • ios