കൊച്ചി: വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ പണിപൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച മേൽപ്പാലങ്ങൾ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കാണ് മേൽപ്പാലങ്ങൾ അഴിച്ചെടുക്കുക. മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളത്തിലാണ് വൈറ്റില മേൽപ്പാലം പണിഞ്ഞിരിക്കുന്നത്. 85 കോടി രൂപ ചിലവിലാണ് പാലം പണി പൂർത്തിയാക്കിയത്. 2017 ഡിസംബ‍ർ 11 ന് തുടങ്ങിയ പാലം പണി ലോക്ഡൗൺ അടക്കമുള്ള തടസ്സങ്ങളിൽ പെട്ടതിനാലാണ് 2021 ലെത്തിയത്. 

കൊച്ചി ധനുഷ്കോടി ദേശീയപാതക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളത്തിലാണ് കുണ്ടന്നൂർ മേൽപ്പാലം. 2018 മാർച്ചിലാണ് എഴുപത്തിനാലര കോടി രൂപ നിർമാണച്ചെലവിൽ പാലം പണി തുടങ്ങിയത്. അവസാനഘട്ട ഭാരപരീക്ഷണങ്ങളിൽ വിജയിച്ചതോടെയാണ് പാലത്തിന്റെ ഉദ്ഘാടന തീയതി തീരുമാനിച്ചത്. 

അതിനിടെ ബാരിക്കേഡുകൾ മാറ്റി വി ഫോർ കേരള പ്രവർത്തകർ പാലം ഉദ്ഘാടനത്തിന് മുമ്പ് ഗതാഗതത്തിന് തുറന്നുകൊടുത്തത് കല്ലുകടിയായി. സംഭവത്തിൽ കേസെടുത്ത പൊലീസ് നാല് വി ഫോർ കേരള പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധാരണപരത്തി ആളുകളെ സംഘടിപ്പിച്ചത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ് എടുത്തത്. 

ബാരിക്കേഡുകൾ മാറ്റി റോഡ് ഗതാഗതത്തിന് തുറന്ന് നൽകിയതിലൂടെ  പൊതു മരാമത്ത് വകുപ്പിന്  ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ പൊതു മരാമത്ത് വകുപ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പാലത്തിലുണ്ടായിരുന്ന വാക്വ൦ പമ്പ്, മാ൪ക്കി൦ഗ്, ലൈറ്റ് കേബിൾ വയറി൦ഗ് എന്നിവക്ക് കേടുപാട് സംഭവിച്ചുവെന്നും പൊലീസ് അറിയിച്ചു. പാലത്തിലേക്ക് ആദ്യ൦ കയറിയ വാഹനങ്ങൾ വിഫോ൪ കൊച്ചി പ്രവർത്തകരുടെ ആണോയെന്ന് സ൦ശയിക്കുന്നതായും ഇവർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു൦ പൊലീസ് വ്യക്തമാക്കി. പാലത്തിന് സമീപം ഏറ്റുമുട്ടിയ ഡിവൈഎഫ്ഐ-വി ഫോർ കേരള പ്രവർത്തകരെ പൊലീസ് ഇടപെട്ട് മാറ്റി.