തൃശൂർ: ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രദേശമാണ് വടക്കാഞ്ചേരി നഗരസഭ. ലൈഫ് വിവാദം വോട്ടര്‍മാര്‍ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാകും വടക്കാഞ്ചേരിയിലെ തെരഞ്ഞെടുപ്പ് ഫലം. അനാവശ്യവിവാദമെന്ന് പറഞ്ഞ് എല്‍ഡിഎഫ് ഇതിനെ തള്ളുമ്പോൾ ലൈഫിനെ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 

വര്‍ഷങ്ങൾക്ക് മുമ്പ് മന്ത്രിയായിരുന്ന കെ മുരളീധരനെ ഉപതെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ്  വടക്കാഞ്ചേരി. ഇന്ന് ലൈഫ് മിഷൻ വിവാദം ദേശീയതലത്തില്‍ ചര്‍ച്ചാ വിഷയമാകുമ്പോളാണ് തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്നത്. 

വടക്കാഞ്ചേരി നഗരസഭയില്‍ ആകെയുളള 41 സീറ്റില്‍ എല്‍ഡിഎഫ് 25, യുഡിഎഫ് 15, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില. നഗരസഭാ‍തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ലൈഫ് മിഷൻ തന്നെയാണെന്ന കാര്യത്തില്‍ ഒരു മുന്നണിയ്ക്കും തര്‍ക്കമില്ല. എന്നാല്‍ ലൈഫ് മിഷൻ വിവാദം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടാലും അത് എല്‍ഡിഎഫിന് അനുകൂലമാകുമെന്നാണ് ഇടതുക്യാമ്പിൻറെ വിലയിരുത്തല്‍. യുഡിഎഫും അനില്‍ അക്കര എംഎല്‍എയും അനാവശ്യവിവാദമുണ്ടാക്കി 140 കുടുംബങ്ങള്‍ക്ക് വീടില്ലാതാക്കിയെന്നാണ് ഇടതുമുന്നണി പ്രചാരണവിഷയമാക്കുന്നത്.

എന്നാല്‍ വികസനത്തിൻറെ മറവില്‍ നടന്നത് അഴിമതിയാണെന്നാണ് യുഡിഎഫിൻറ ആരോപണം. ആക്ഷേപങ്ങളും വിവാദങ്ങളും ജനങ്ങൾക്കിടയിൽ കൃത്യമായി എത്തിക്കാനായെന്നും ഇത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിൻറെ വിലയിരുത്തൽ. 30 സീറ്റില്‍ വിജയിച്ച് ഭരണത്തിലെത്താമെന്നും ഇവര്‍ കരുതുന്നു. 

അതേസമയം ഒരു സീറ്റ് മാത്രമുളള ബിജെപിയും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ലൈഫ് വിവാദം ഈ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ഏതു മുന്നണിയ്ക്ക് ലൈഫ് നല്‍കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്