Asianet News MalayalamAsianet News Malayalam

വാഗമൺ നിശാപാർട്ടി, പൊലീസും പ്രോസിക്യൂട്ടറും വന്നില്ല, പ്രതികളെ കസ്റ്റഡിയിൽ വിട്ടില്ല

കോടതി കേസ് പരിഗണിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിൽ ഹാജരായില്ല. അതോടെ, കസ്റ്റഡിയിൽ വിടണമെന്ന അന്വേഷണസംഘത്തിന്‍റെ അപേക്ഷ തള്ളി, പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

wagamon dj party police and prosecutor did not appear at court
Author
Idukki, First Published Jan 1, 2021, 4:05 PM IST

ഇടുക്കി: വാഗമൺ നിശാലഹരിപ്പാർട്ടി കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് തിരിച്ചടി. ഇന്ന് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും ഹാജരായില്ല. അതോടെ, കസ്റ്റഡിയിൽ വിടണമെന്ന അന്വേഷണസംഘത്തിന്‍റെ അപേക്ഷ തള്ളി, പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്ന പശ്ചാത്തലത്തിൽ മുട്ടം കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനടക്കം കോടതിയിൽ ഹാജരാകാതിരുന്നതിനാൽത്തന്നെ പ്രതികളെ ആരെയും കോടതി കസ്റ്റഡിയിൽ വിടാൻ തയ്യാറായില്ല. പ്രതികളെ എന്തിന് കസ്റ്റഡിയിൽ വേണമെന്ന് കോടതിയെ ബോധിപ്പിക്കാൻ ഒരാൾ പോലും എത്താതിരുന്നതിലൂടെ ഉത്തരവാദിത്തമില്ലാതെയാണ് പൊലീസും പ്രോസിക്യൂഷനും പെരുമാറിയതെന്ന ആരോപണവുമുയരും. ജനുവരി 14 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. 

പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരി മരുന്നിന്‍റെ ഉറവിടവും നിശാപാർട്ടികൾക്ക് പിന്നിലെ വമ്പൻമാരെയും കണ്ടെത്താമെന്നാണ് പൊലീസിന്‍റെ നിഗമനം. ബെംഗളുരു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് കൊച്ചി വഴിയാണ് നിശാപാർട്ടികളിലേക്കുള്ള ലഹരിമരുന്ന് എത്തുന്നതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്നും ലഹരിമരുന്നിന്‍റെ കൊച്ചിയിലെ കേന്ദ്രം എവിടെയാണെന്നും കണ്ടെത്തണം. പ്രതികളുടെ മൊബൈൽ ഫോണടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനാഫലം വരാനുണ്ട്.  നിശാപാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതികൾ അംഗങ്ങളായ സാമൂഹ്യ മാധ്യമ കൂട്ടായ്മകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

വാഗമൺ കേസിലെ പ്രതികൾ കേരളത്തിൽ മാത്രം പത്തിലധികം സ്ഥലങ്ങളിൽ നിശാപാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. ഇതിനെല്ലാം ഒരുങ്ങുന്നതിനിടെയാണ്, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടതിനായി, കോടതിയിൽ ഹാജരാകേണ്ട പൊലീസുദ്യോഗസ്ഥനും പ്രോസിക്യൂട്ടറും ഹാജരാകാതെ പോയത്. 

Follow Us:
Download App:
  • android
  • ios