ഇടുക്കി: വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി കെ മധു അന്വേഷിക്കും. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വേണ്ട സാഹചര്യത്തിലാണ് നടപടി. ഡിജിപിയുടെ ഉത്തരവത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബാംഗ്ലൂരു, മഹാരാഷ്ട്ര കേന്ദ്രീകരിച്ച്  അന്വേഷണം നടക്കും. കേസിൽ പിടിയിലായ ഒമ്പത് പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കും.

പത്ത് ദിവസം മുമ്പ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വാഗമണിൽ സംഘടിപ്പിച്ച ലഹരിമരുന്ന് നിശപാ‍ർട്ടി കേസിൽ 9 പേരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ 20 ന് രാത്രി വാഗമണിലെ ക്ലിഫ് ഇൻ റിസോട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിശാപാർട്ടിയ്ക്ക് പിടിവീണത്. 25 പെൺകുട്ടികളടക്കം 59 പേർ പാർട്ടിയ്ക്ക് എത്തിയിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ 9 പേർ ചേർന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് പാർട്ടിയ്ക്കായി ആളുകളെ സംഘടിപ്പിച്ചതെന്ന് വ്യക്തമായി. കൊച്ചിക്കാരിയായ മോഡൽ ബ്രിസ്റ്റി ബിശ്വാസടക്കം 9 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.