ആലപ്പുഴ: വാളയാർ കേസിൽ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.

അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്  മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വിചാരണക്കോടതി പ്രദീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ആറ് കേസുകളായി നാല് പ്രതികളുടെ വിചാരണയായിരുന്നു പാലക്കാട് പോക്സോ കോടതിയിൽ നടന്നത്. രണ്ട് വർഷം നീണ്ട വിചാരണക്കൊടുവിൽ 2019 ഓക്ടോബർ അഞ്ചിന് തെളിവുകളുടെ അഭാവത്തിൽ പ്രദീപ്,  എം മധു, വി, മധു, ഷിബു എന്നിവരെ കോടതി കുറ്റമുക്തരാക്കി. വാളയാറിൽ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.