Asianet News MalayalamAsianet News Malayalam

Walayar Girls : വാളയാർ കേസിൽ സിബിഐയുടെ ഡമ്മി പരീക്ഷണം

ഡമ്മി പരീക്ഷണത്തിന് മുന്നോടിയായി പെൺകുട്ടികളുടെ വസ്ത്രങ്ങൾ, ഷാൾ എന്നിവ ആവശ്യപ്പെട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. പൊലീസ് രേഖയിലെ മുഴുവൻ സാധനങ്ങളും നല്‍കാനാവില്ലെന്നായിരുന്നു കോടതി നിലപാട്

Walayar Case CBI conducts dummy test crime scene reconstruction
Author
Palakkad, First Published Dec 6, 2021, 3:10 PM IST

പാലക്കാട്: വാളയാർ കേസിൽ (Walayar case) സിബിഐയുടെ ഡമ്മി പരീക്ഷണം (Dummy test). പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതേ വീട്ടില്‍ വച്ച് 
സാഹചര്യം പുനരാവിഷ്കരിക്കുകയാണ് സിബിഐ(CBI) . കുട്ടികൾ മരിച്ച മുറിയിൽ രണ്ട് പേരുടെയും അതേ തുക്കത്തിലുള്ള ഡമ്മി തൂക്കി നോക്കും. വീടിൻ്റെ ഉത്തരത്തിൽ തുങ്ങി മരിക്കാൻ ഒമ്പതുവയസുകാരിക്ക് ആകില്ലെന്നതായിരുന്നു വിവാദ കേസിലെ പ്രധാന വാദങ്ങളിൽ ഒന്ന്. ഈ കാര്യമടക്കം ഉറപ്പിക്കാനാണ് സിബിഐയുടെ ഡമ്മി പരീക്ഷണം. 

ഡമ്മി പരീക്ഷണത്തിന് മുന്നോടിയായി പെൺകുട്ടികളുടെ വസ്ത്രങ്ങൾ, ഷാൾ എന്നിവ ആവശ്യപ്പെട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. പൊലീസ് രേഖയിലെ മുഴുവൻ സാധനങ്ങളും നല്‍കാനാവില്ലെന്നായിരുന്നു കോടതി നിലപാട്. ഇതോടെ സമാന വസ്തുക്കൾ ഉപയോഗിച്ചു ഡമ്മി പരീക്ഷണം നടത്താമെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 

ഡമ്മി പരീക്ഷണം നടത്താനുള്ള വകുപ്പുതല അനുമതി സിബിഐ നേരത്തെ നേടിയിരുന്നു. കഴിഞ്ഞയാഴ്ച്ച കേസിലെ ഒന്നാം പ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ പാലക്കാട് ജില്ലാ ജയിലിലെത്തി സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഒപ്പം പെണ്‍കുട്ടികളുടെ അമ്മയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.

വാളയാറിൽ സംഭവിച്ചത്; കേസിന്റെ നാൾവഴി

അട്ടിമറികളേറെക്കണ്ട സമാനതകളില്ലാത്ത കേസാണ് വാളയാറിലെ പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി. 

മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും ചെയ്തു  പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജനും നല്‍കി. തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി. 

പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാര്‍ എസ്ഐ പി സി ചാക്കോയ്ക്ക് സസ്പന്‍ഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി. 

കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു. ഒടുവില്‍ ജൂണ്‍ 22 ന് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം. പതിനാറുകാരന്‍റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിൽ പോക്സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്‍റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി. 2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ ആദ്യ വിധി. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. 

വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തതിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. 

പഴയ ഒരു റിപ്പോർട്ട് : 'അന്വേഷണം അവജ്ഞ ഉളവാക്കുന്നത്'; വാളയാര്‍ കേസില്‍ ലോക്കല്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Follow Us:
Download App:
  • android
  • ios