പാലക്കാട്: വാളയാർ കേസിലെ പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും പാലക്കാട് പോക്സോ കോടതിയിൽ ഹാജരാകും. സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് സർക്കാർ കോടതിയെ അറിയിച്ചേക്കും. തുടരന്വേഷണത്തിനുളള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും.

വാളയാർ കേസില്‍ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികൾ ആരംഭിക്കുന്നത്. ജാമ്യത്തിലുള്ള പ്രതികളായ വി മധു, എം മധു, ഷിബു, എന്നിവര്‍ കോടതിയില്‍ ഇന്ന് ഹാജരാകും. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്. കേസ് സിബിഐക്ക് വിടാൻ ഇനിയും സാങ്കേതിക നടപടിക്രമങ്ങൾ സർക്കാരിന് പൂർത്തിയാക്കേണ്ടതുണ്ട്. സിബിഐ അന്വേഷണത്തിലെ സർക്കാർ നിലപാട് ഇന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചേക്കും. ഒപ്പം പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനരന്വേഷണത്തിനുളള അപേക്ഷയും നൽകും. സിബിഐ വരുന്നത് വരെ ഈ സംഘംമായിരിക്കും കേസുമായി മുന്നോട്ടുപോവുക. 

കേസ് ഡയറി പരിശോധിച്ച് അനുബന്ധ തെളിവുകളുൾപ്പെടെ ശേഖരിക്കലാണ് സംഘത്തിന്റെ വെല്ലുവിളി. സിബിഐ അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടാകുന്നത് വരെ പുനരന്വേഷണ നടപടികളുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകാനാണ് സാധ്യത. പുതിയ അന്വേഷണ സംഘത്തെ സ്വാഗതം ചെയ്ത പെണ്‍കുട്ടികളുടെ കുടുംബം ഡിവൈഎസ്പി സോജനെ അന്വേഷത്തില്‍ നിന്നും നീക്കിയതില്‍ സന്തോഷവും പ്രകടിപ്പിച്ചു. കേസ് അട്ടിമറിക്കാന്‍ സോജന്‍ ശ്രമിച്ചെന്നാണ് കുടുംബത്തിന്‍റെയും സമര സമിതിയുടെയും ആരോപണം. തെളിവുകളുടെ അഭാവത്തിലായിരുന്നു 2019 ല്‍ നാല് പ്രതികളെയും പാലക്കാട് പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രതികളിലൊരാള്‍ നവംബറില്‍ തൂങ്ങിമരിച്ചിരുന്നു. പിന്നാലെയാണ് പുനര്‍ വിചാരണയ്ക്കുള്ള ഹൈക്കോടതി ഉത്തരവ് വന്നത്.