കൊച്ചി: കേസുമായി മുന്നോട്ട് പോയാൽ മകനെ കൂടി ഇല്ലാതാക്കുമെന്ന് പ്രതികളുടെ ഭാഗത്ത് നിന്നും ഭീഷണിയെന്ന് വാളയാര്‍ പെൺകുട്ടികളുടെ അമ്മ. കേസിലെ ഒന്നാം പ്രതിയും ബന്ധുവും കൂടിയായ മധുവിന്റെ ബന്ധുക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്  എറണാകുളത്ത് പെൺകുട്ടികളുടെ മാതാപിതാക്കൾ ഉപവസിക്കുകയാണ്. കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ പരിപാടി ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. കേസന്വേഷിച്ച എസ്പി എംജെ സോജൻറെ സ്ഥാനക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു.