കൊച്ചി: യുപിയിലെ ഹാഥ്റസിൽ ദളിത് പെൺകുട്ടി കൊലപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ ഉടൻ ശിക്ഷിക്കണമെന്ന് വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ. എറണാകുളത്ത് നടന്ന ഐക്യദാർഡ്യ നിൽപ്പ് സമരത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.

ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം നടത്തിയ ഐക്യദാര്‍ഢ്യ സമരത്തിൽ പങ്കെടുക്കുകയായിരുന്നു വാളയാറിൽ മരിച്ച കുട്ടികളുടെ അമ്മയും അച്ഛനും. ഹാഥ്റസിൽ മരിച്ച പെൺകുട്ടിയുടെ കൊലയാളികളെ ഏറ്റവും വേഗത്തിൽ തൂക്കി കൊല്ലണമെന്നായിരുന്നു ആവശ്യം. രണ്ട് മക്കളെയും നഷ്ടപ്പെട്ട തനിക്ക് യുപിയിലെ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ വേദന മനസിലാകുമെന്ന് പെൺകുട്ടികളുടെ അച്ഛൻ പറഞ്ഞു.

എറണാകുളം കരിമുകളിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു ഐക്യദാർഢ്യ നിൽപ്പ് സമരം. ഹാഥ്റസിലെ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് യുപിയിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എംപി മാരായ ഹൈബി ഈഡനും, ബെന്നി ബെഹന്നാനും എറണാകുളത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തി.