പാലക്കാട്: മുഖ്യമന്ത്രിക്ക് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ മറുപടി. സർക്കാർ പറഞ്ഞ കാര്യങ്ങൾ ആദ്യം പ്രവർത്തിച്ചു കാണിക്കട്ടെ എന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും എടുത്തില്ല. സർക്കാരിന് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയാം. മന്ത്രി എ കെ ബാലൻ വരാത്തത് കുറ്റബോധം കൊണ്ടാണെന്നും സർക്കാർ വാക്കുപാലിച്ചാല്‍ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാവണം എന്ന ഉറച്ച തീരുമാനമാണ് സർക്കാരിന് ഉള്ളതെന്ന മുഖ്യമന്ത്രിയുടെ  വാക്കുകൾക്കാണ് അമ്മയുടെ പ്രതികരണം. വാളയാർ പെൺകുട്ടികളുടെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്നാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. കേസിൽ സർക്കാർ വാക്ക് പാലിച്ചാൽ മാത്രം സമരത്തിൽ നിന്ന് പിൻമാറുന്ന കാര്യം ആലോചിക്കാമെന്ന് പെൺകുട്ടികളുടെ അമ്മ പറയുന്നു. തൽക്കാലം സമരവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു. 

Also Read: 'ആരെയും പറ്റിക്കുന്ന നിലപാടില്ല'; വാളയാറില്‍ നിയമപോരാട്ടത്തിന് മുന്‍കൈയ്യെടുത്തത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

വാളയാർ കേസിലെ ആ പെൺകുട്ടികൾ മരിച്ചതെങ്ങനെ? ക്രൂരമായി അവർ പീഡിപ്പിക്കപ്പെട്ടതെങ്ങനെ? ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾക്കിടയിൽ കേസിലെ പ്രതികളെ ഒരു തെളിവുമില്ലാതെ വെറുതെ വിട്ടിട്ട് ഒരു വർഷം തികയുകയാണ്. നീതി തേടി മുഖ്യമന്ത്രിയുടെ കാലിൽ വീണിട്ടും ഫലമുണ്ടായില്ലല്ലോ, ഇനി ആരെ വിശ്വസിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു.

Also Read: 'മുഖ്യമന്ത്രിയുടെ കാലുപിടിച്ചിട്ടും നീതിയില്ല, വാക്ക് പാഴായി, ഇനി ആരെ വിശ്വസിക്കണം': വാളയാറിലെ അമ്മയുടെ ചോദ്യം