പാലക്കാട്: സർക്കാരിൽ വിശ്വാസമില്ലെന്ന് ആവർത്തിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. സർക്കാർ പറഞ്ഞ വാക്കുകൾ ഇതു വരെ പാലിച്ചില്ല. നിതി കിട്ടും വരെ തെരുവിൽ സമരം ചെയ്യും. സിബിഐ അന്വേഷണം വേണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിനും പ്രോസിക്യൂസിഷനും വീഴ്ച്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ച് കേൾപ്പിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. 

വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസിൽ പുനർ വിചാരണ നടത്താൻ നിർദ്ദേശിച്ച കോടതി  തുടരന്വേഷണം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ സർക്കാറിന്  നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത  സഹോദരിമാരുടെ ആത്മഹത്യയിൽ പൊലീസിന്‍റെ പ്രാരംഭ ഘട്ടം മുതലുള്ള അന്വേഷണം അവജ്ഞ ഉണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയാണ്  പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.  കേസിൽ വെറുതെവിട്ട വി മധു, എം മധു, ഷിജു എന്നി പ്രതികളോട് ഈമാസം 20 ന് കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചു.