പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. രാവിലെ പത്തിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റിന് സമീപമാണ് നിരാഹാര സമരം ആരംഭിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജന്‍ ഉള്‍പ്പടെയുള്ളവര്‍ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.

ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണക്കോടതി പുനരന്വേഷണ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം. 2017 ജനുവരി 13 നാണ് മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ദുരൂഹമരണത്തിന്റ 52 ആം നാൾ ഇളയകുഞ്ഞിനെയും സമാനരീതിയിൽ ഈ അച്ഛനുമമ്മയ്ക്കും നഷ്ടമായി. പൊലീസ് അന്വേഷണത്തിൽ വീഴ്ചവന്നെന്ന ആരോപണം സാധൂകരിക്കും വിധമായിരുന്നു പിന്നീടുളള സംഭവങ്ങൾ. പ്രതികളായ നാലുപേരെയും തെളിവില്ലെന്ന പേരിൽ പോക്സോ കോടതി വെറുതെവിട്ടു.

പിന്നീട് കേരളം കണ്ടത് നീതിക്കായുളള തുടർ സമരങ്ങളായിരുന്നു. ഒടുവിൽ ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടിട്ടു. ഇപ്പോള്‍ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് നീതി തേടി ആ അമ്മ വീണ്ടും സമരം ആരംഭിക്കുന്നത്.

വാളയാര്‍ കേസില്‍ ലോക്കല്‍ പൊലീസിനെതിരെ ഹൈക്കോടകി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിന്‍റെ പ്രാരംഭ ഘട്ടത്തിലെ അന്വേഷണം തന്നെ അവജ്ഞ ഉളവാക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. തുടക്കത്തിലേ പാളിച്ചകൾ മൂലം പിന്നീട് അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്‍പിക്ക് ഫലപ്രദമായി അന്വേഷണം നടത്താനായില്ല.

കാര്യക്ഷമത ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പൊലീസിന് ഒന്നാകെ നാണക്കേടാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം കേസുകൾ കാര്യക്ഷമമായി  കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം. പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൗരവതരമായ പാളിച്ചകൾ ഭരണസംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

നേരത്തെ, പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്‍റെ അനുകൂല്യത്തില്‍ പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്‌ എന്നിവരെ പാലക്കാട്‌ പോക്സോ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

എന്നാൽ, കേസ് അന്വേഷിച്ച പൊലീസിന്‍റെയും കേസ് നടത്തിയ പ്രോസിക്യൂഷെന്‍റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ ആണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്നായിരുന്നു സർക്കാർ വാദം. തുടര്‍ന്നാണ് ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്. പിന്നീട് തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയില്‍ പാലക്കാട് പോക്സോ കോടതിയാണ് അനുമതി നൽകിയത്.