പാലക്കാട്: വാളയാറിൽ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച സംഭവം കൊലപാതകമെന്ന് ആവര്‍ത്തിച്ച് അച്ഛൻ. ചെറിയ പെൺകുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. തുടക്കം മുതൽ പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിലും അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. കുട്ടികൾ പീഡനത്തിനിരയായ വിവരം അറിയുന്നത് മരിച്ച ശേഷമാണെന്നും അച്ഛനും അമ്മയും ആരോപിച്ചു. 

ഒമ്പത് വയസ്സുകാരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അച്ഛൻ പറയുന്നത്. വീടിന്‍റെ ഉത്തരത്തിൽ കയറിട്ട് കെട്ടി ആത്മഹത്യ ചെയ്യാൻ കുഞ്ഞിന് കഴിയില്ലെന്ന് അച്ഛൻ പറയുന്നു. കുഞ്ഞിന്‍റെ കഴുത്തിനുണ്ടായ നീളം രേഖപ്പെടുത്തുന്ന പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടും സംഭവം കൊലപാതകം ആകാമെന്ന സൂചനയാണ് നൽകുന്നത്.  കൊലപ്പെടുത്തി കെട്ടിത്തൂക്കുന്നതും തൂങ്ങിമരിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ടെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.  

കസേര വലിച്ചിട്ട് വീടിന്‍റെ ഉത്തരത്തിൽ കയറിട്ട് കെട്ടി തൂങ്ങുകയായിരുന്നു എന്ന പൊലീസ് വാദം മഹസ്സര്‍ റിപ്പോര്‍ട്ടും സാധൂകരിക്കുന്നില്ല. കുഞ്ഞ് തൂങ്ങി നിന്ന മുറിയിൽ കസേരയടക്കം ഒന്നും അലങ്കോലമായി കിടന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.