പാലക്കാട്: വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് പിതാവ് രംഗത്ത്. കൊലപാതക സാധ്യത യെക്കുറിച്ചുള്ള തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നറിയുന്നത് ഇന്നാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് പൊലീസ് തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

പോലീസ് എഴുതിയ മൊഴി വായിച്ചു കേൾപ്പിക്കാതെ ഒപ്പ് വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും മൊഴിപ്പകർപ്പ് അടക്കമുള്ള ഒരുരേഖയും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. മകളുടെ മരണം കൊലപാതകമാണെന്ന് മൊഴിയെടുത്തപ്പോൾ പറഞ്ഞതാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. രണ്ടു പെൺകുട്ടികളെയും കൊന്നതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ ബോധപൂർവ്വം കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണവുമായി മുൻ പബ്ലിക് പ്രൊസിക്യുട്ടർ ജലജ മാധവനും രംഗത്ത് വന്നിരുന്നു. തെളിവുകൾ കുറവായതിനാൽ കേസ് ദുർബലമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ പലതവണ അറിയിച്ചതാണെന്ന് അവർ പറഞ്ഞു. കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച ഉടനെ, തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും മാറ്റിയതായി അവർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകാത്തതിനാൽ പലതവണ കേസ് മാറ്റി വെക്കേണ്ട സാഹചര്യമുണ്ടായെന്നും കോടതിയിൽ കേസിന്റെ സീൻ മഹസർ പോലും പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുവന്നില്ലെന്നും ജലജ കുറ്റപ്പെടുത്തി.

അതേസമയം വാളയാർ കേസിലെ വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. വാളയാറിലെ മൂത്ത പെൺകുട്ടി തൂങ്ങിമരിച്ചത് തന്നെയാണെന്നാണ് വിചാരണ കോടതി വിധി. മുമ്പുണ്ടായ ലൈംഗീക പീഡനങ്ങൾ ആത്മഹത്യക്ക് കാരണമായെന്ന് പറയാനാകില്ലെന്നും വിധിയിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്ന വാദം പ്രോസിക്യൂഷൻ ഒരിക്കൽ പോലും ചോദ്യം ചെയ്തിട്ടില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ പീഡനം നടന്നിട്ടുണ്ടെങ്കിൽ അതിൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യണമായിരുന്നുവെന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വാളയാർ കേസിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്നതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.

പ്രതികള്‍ പീഡനം നടത്തിയതിന്റെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് വിധിയിൽ പറയുന്നു. സാഹചര്യ തെളിവുകളെ മാത്രമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചതെന്നും ഈ തെളിവുകളുടെ തുടർച്ച നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് സാഹചര്യത്തെളിവുകൾ മാത്രമാണ് വിശ്വാസയോഗ്യമായിട്ടുള്ളതെന്നും വിധിയിൽ പറയുന്നുണ്ട്.

പെണ്‍‍കുട്ടിയുടെ വീടിനടുത്താണ് പ്രതി താമസിച്ചിരുന്നത് എന്നതും, പ്രതിയുടെ വീട്ടിൽ പെൺകുട്ടി പോയിരുന്നുവെന്നതും മാത്രമാണ് വിശ്വാസയോഗ്യമായ സാഹചര്യ തെളിവുകളെന്ന് വിധിയിൽ പറയുന്നു. പ്രതികളുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോയപ്പോഴാണ് പീഡനം നടന്നതെന്നാണ് വാദം. എന്നാൽ ഇതിന് തെളിവുകളില്ലെന്നും സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും വിധിയിൽ പറയുന്നുണ്ട്. 

2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ വീടിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന പ്രതി പീഡീപ്പിച്ചതായി സാക്ഷി മൊഴിയുണ്ട്. എന്നാൽ ആ കാലയളവിന് ശേഷമാണ് വീട് വാടകയ്ക്ക് നല്‍കിയതെന്ന് ഉടമ കോടതിയില്‍ മൊഴി നല്‍കി. സാക്ഷികളെ പോലീസ് പടച്ചുണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവും വിധിയിലുണ്ട്.

പെണ്‍കുട്ടിയുടെയും പ്രതികളുടെയും വസ്ത്രങ്ങളുടെ രാസപരിശോധന നടത്തിയിരുന്നുവെന്നും ഈ വസ്ത്രങ്ങളിൽ പ്രതിയുടെ രേതസ്സോ മറ്റ് ജീവദ്രവങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജ്ജന്‍ നൽകിയ മൊഴിപ്രകാരം മലദ്വാരത്തിലെ മുറിവ് അണുബാധമൂലം ഉണ്ടായതാകാമെന്ന് കൂടി പറയുന്നുണ്ട്. പീഡനം നടന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്  കണിശമായി പറയുന്നില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

ചില പ്രതികളെ തെളിവില്ലെങ്കിലും കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തതെങ്കിലും അറസ്റ്റിന് ശേഷമാണ് ഇവരുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്ന് തന്നെ വിധിയിൽ പറയുന്നു.