പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ സമര സമിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ ധ‍‍ര്‍മ്മടത്ത് നിന്നും മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കിൽ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സമര സമിതി ജോയിന്‍റ് കണ്‍വീനര്‍ ബാലമുരളി ഏഷ്യനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

സമര സമിതിയിലെ ചിലർക്ക്‌ കോൺഗ്രസ്സുമായി അവിശുദ്ധ ബന്ധമുണ്ട്. യുഡിഎഫ് അമ്മയെ വിലക്കെടുത്തെന്നും ബാലമുരളി ആരോപിച്ചു.  പെണ്‍കുട്ടികളുടെ അമ്മയില്‍ സമ്മര്‍ദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. ഇതോടെ സമര സമിതിയുടെ പ്രസക്തി നഷ്ടമായി. പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.