മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച 'വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും' എന്ന സെമിനാറിൽ സർക്കാരിനെതിരെ പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. സർക്കാരിനെതിരായ സിപിഎം വേദിയിൽ സമസ്ത പ്രതിനിധി ഉമർ ഫൈസി മുക്കം പങ്കെടുത്തത് ശ്രദ്ധേയമായി
മലപ്പുറം: വഖഫ് നിയമ ഭേദഗതി വിഷയത്തിലടക്കം യു ഡി എഫ് സർക്കാരിന്‍റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 'വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും' എന്ന പേരിൽ മലപ്പുറത്ത് സി പി എം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത പിണറായി, വന്ദേമാതരം ആലാപന വിഷയമടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം അഴിച്ചുവിട്ടത്. കേന്ദ്രത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരെ ശക്തമായി നിലകൊണ്ടിരുന്ന കേരളം ഇന്ന് പല നിലപാടുകൾക്കും മുന്നിൽ കീഴടങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ സർക്കാർ അധികാരമേറ്റത് തന്നെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചുകൊണ്ടാണെന്നും, അതിൽ തന്നെ സർക്കാരിന്റെ ആർ എസ് എസ് അജണ്ടകൾക്കുള്ള കീഴടങ്ങൽ വ്യക്തമായതായും അദ്ദേഹം ആരോപിച്ചു. വന്ദേമാതര വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും, ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പാർട്ടി ആസ്ഥാനത്തും പൂർണ്ണമായി പാടി അവർ ആർ എസ് എസ് നയങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
സി പി എം സെമിനാറിൽ സമസ്ത പ്രതിനിധി
സർക്കാരിന്റെയും യു ഡി എഫിന്റെയും നിലപാടുകൾക്കെതിരെ സംഘടിപ്പിച്ച ഈ പരിപാടിയിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പ്രതിനിധിയായി പങ്കെടുത്തതും ശ്രദ്ധേയമായി. വഖഫ് വിഷയത്തിലടക്കം സർക്കാരിനോടുള്ള സമസ്തയുടെ എതിർപ്പിന്‍റെ സൂചനയായാണ് ഫൈസിയുടെ സാന്നിധ്യം വിലയിരുത്തപ്പെടുന്നത്.
