വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് മർദിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. കാട്ടാക്കടയിൽ നിന്നാണ് മുഹമ്മദ് ഹാജ, ആസിഫ്, അഫ്സൽ എന്നിവരെ പൊലീസ് പിടികൂടിയത്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. മുഹമ്മദ് ഹാജ (20), ആസിഫ് (19), അഫ്സൽ(19) എന്നിവരെയാണ് പൊലീസ് സംഘം കാട്ടാക്കടയിൽ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ 10 നാണ് വിളപ്പിൽശാല പുറ്റുമ്മേൽകോണം ജംഗ്ഷനിൽ വെച്ച് സംഭവം. കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് വരികയായിരുന്ന നൂർമുഹമ്മദി(56) നെ രണ്ടു ബൈക്കുകളിലായി പിൻതുടർന്നെത്തിയ അഞ്ചംഗ സംഘം കാർ തടഞ്ഞുനിർത്തി നടുറോഡിലിട്ട് മർദിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നു പേരാണ് പൊലീസ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വിളപ്പിൽശാല മലപ്പനംകോട് മാന്തോപ്പിൽ തമ്പുരാൻ കാവിനു സമീപം മദ്യലഹരിയിൽ നിന്ന പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെ നൂർമുഹമ്മദ് സഞ്ചരിച്ച കാറിനെ രണ്ട് ബൈക്കുകളിൽ പിൻതുടരുകയായിരുന്നു. പുറ്റുമ്മേൽകോണത്തെ കൊടുംവളവിൽ തിരിയുന്നതിനിടെ ബൈക്കുകൾ കാറിനെ മറികടന്ന് തടഞ്ഞു നിർത്തി കാറിൻ്റെ ഡോർ തുറന്ന് നൂർമുഹമ്മദിനെ വലിച്ച് പുറത്തിട്ട് പൊതിരെ മർദ്ദിച്ച ശേഷം ബൈക്കുകളിൽ രക്ഷപെടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.



