വഖഫ് ബോർഡ് പുനഃസഘടന സ്റ്റേ ചെയ്യണമെന്നാണ് കെ എസ് ഹംസയുടെ ആവശ്യം. പുനഃസംഘടന നിയമപരമല്ലെന്നാണ് ഹര്ജിക്കാരന്റെ വാദം. ഹൈക്കോടതി നിർദേശം ഒഴിവുകൾ നികത്താനാണെന്നും അത് തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പുനഃസംഘടിപ്പിച്ചുവെന്നും ഹര്ജിയില് പറയുന്നു.
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിട്ട് എംസി മായിൻ ഹാജി ചെയർമാനായിട്ടുള്ള പുതിയ ബോർഡ് രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെ എസ് ഹംസ ഹൈക്കോടതിയെ സമീപിച്ചു. പുനഃസഘടന സ്റ്റേ ചെയ്യണമെന്നാണ് കെ എസ് ഹംസയുടെ ആവശ്യം. പുനഃസംഘടന നിയമപരമല്ലെന്നാണ് ഹര്ജിക്കാരന്റെ വാദം. ഹൈക്കോടതി നിർദേശം ഒഴിവുകൾ നികത്താനാണെന്നും അത് തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പുനഃസംഘടിപ്പിച്ചുവെന്നും ഹര്ജിയില് പറയുന്നു. ഹര്ജിയില് സ്പെഷ്യൽ സിറ്റിംഗ് ചേർന്ന് ഹൈക്കോടതി വാദം കേട്ടു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത ഇ കെ വിഭാഗം നേതാവുമാണ് വഖഫ് ബോർഡിൻ്റെ പുതിയ ചെയർമാൻ എംസി മായിൻഹാജി രണ്ട് അമുസ്ലിം അംഗങ്ങളെ പുതിയ ബോർഡിലും ഉൾപ്പെടുത്തിയിട്ടില്ല. സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയ മുസ്തഫൽ ഫൈസിയും, ജമാഅത്ത് പ്രതിനിധിയെയും ബോർഡിൽ ഉൾപ്പെടുത്തി. മേലാറ്റൂർ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ മത്സരിച്ച് ജയിച്ച ജസീം സബാഹ് ആണ് ജമാഅത്തെ ഇസ്ലാമിയിൽ നിന്നുള്ള വഖഫ് ബോർഡ് അംഗം. ഇത്തവണ ബോറാ വിഭാഗത്തെയും ഉൾപ്പെടുത്തി. സിറാജ് ഡീ കാപ്പസിയാണ് ബോർഡ് അംഗം. നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡ് അംഗമാക്കിയത് സമസ്തക്കുള്ള ലീഗിൻ്റെ മറുപടിയാണ്. മുജാഹിദ് വിഭാഗത്തിൽ നിന്ന് ഡോ. അബ്ദുൽ മജീദ് സ്വലാഹിയെ ബോർഡ് അംഗമാക്കി. തെക്കൻ കേരളത്തിൽ സ്വാധീനമുള്ള ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്നുള്ള അംഗമാണ് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി. എംഎൽഎമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ എംഎൽഎയും ബോർഡിലുണ്ട്. അതേസമയം, കാന്തപുരം വിഭാഗത്തെ അവഗണിച്ചു.
വഖഫ് ബോർഡ് പുനർസംഘടിപ്പിക്കരുതെന്ന ആവശ്യവുമായി മുൻ ചെയർമാൻ കെഎസ് ഹംസ ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. കോടതി ഇല്ലാത്ത സമയം നോക്കിയുള്ള ഒളിച്ചുകളിയാണ് സർക്കാരിന്റെതെന്നാണ് ഹംസയുടെ വിമർശനം. ബോർഡിൽ ഉൾപ്പെടുത്താത്തതിൽ അമർഷത്തിലാണ് കാന്തപുരം വിഭാഗം സമസ്ത. വഖഫ് ബോർഡിൽ നീതി നിഷേധിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു വഞ്ചിച്ചെന്നും കാന്തപുരം വിഭാഗം നേതാക്കൾ. വരുന്ന 22ന് ജില്ലാ ആസ്ഥാനങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഹംസ ചെയർമാനായിട്ടുള്ള ബോർഡിൽ കാന്തപുരം വിഭാഗത്തെ പരിഗണിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയെ ഉൾപ്പെടുത്തിയതിലും കാന്തപുരം വിഭാഗ. അതൃപ്തിയിലാണ്. കോൺഗ്രസിൻ്റെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ സജ്നാ ഫിറോസിനെ ബോർഡിൽ ഉൾപ്പെടുത്തിയതിൽ കോൺഗ്രസിലും അതൃപ്തിയുണ്ട്.

