തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിച്ചതിൽ ഏറ്റുമുട്ടി സർക്കാരും കേന്ദ്രവും. കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചു. എന്നാൽ സർക്കാർ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നാണ് കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. 

അതേസമയം, കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ പ്രതിഷേധത്തിന് രാഷ്ട്രീയമാനങ്ങളുണ്ടെന്ന ആരോപണമാണ് ഉയർത്തുന്നത്. സ്വർണക്കടത്ത് വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാനസർക്കാരിന്‍റെ ശ്രമമെന്ന് വി. മുരളീധരൻ ആരോപിച്ചു. അദാനിയേക്കാൾ 19.6 ശതമാനം കുറഞ്ഞ തുകയാണ് കെഎസ്ഐഡിസി ക്വോട്ട് ചെയ്തതെന്നാണ് കേന്ദ്രസഹമന്ത്രി പറയുന്നത്.

യഥാർത്ഥ വസ്തുതകൾ പറയാതെ കേരളം കള്ളക്കഥ മെനയുന്നുവെന്നാണ് കേന്ദ്രവ്യോമയാനമന്ത്രി പറയുന്നത്. മറുപടിയും അദ്ദേഹം നിരത്തുന്നു:

രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും പിപിപി മാതൃകയിലേക്ക് മാറ്റാമെന്നതിന് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകുന്നത് 2018 നവംബർ 8-നാണ്. അഹമ്മദാബാദ്, ലഖ്‍നൗ, മംഗളുരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിവയായിരുന്നു അവ.

എന്നാൽ ഈ പ്രക്രിയയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റണമെന്ന് കേരളസർക്കാർ ആവശ്യപ്പെട്ടു. കൊച്ചി, കണ്ണൂർ വിമാനത്താവളവികസനം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഡിസംബർ 4, 2018-ന് അവർ ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കുകയും, ഇതിനായി Right of First Refusal (ROFR) വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചർച്ചകളുടെ അടിസ്ഥാനത്തിൽ കേന്ദ്രം ഇത് അംഗീകരിച്ചു. സ്വകാര്യകമ്പനിയുമായി 10 ശതമാനത്തിന്‍റെ വ്യത്യാസത്തിൽ തുക ക്വോട്ട് ചെയ്താൽ സർക്കാരിന് തന്നെ വിമാനത്താവളനടത്തിപ്പ് നൽകാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ അദാനിയേക്കാൾ 19.6 ശതമാനം കുറഞ്ഞ തുകയാണ് കെഎസ്ഐഡിസി ക്വോട്ട് ചെയ്തത്. 

നടത്തിപ്പ് കരാർ ലഭിച്ച കമ്പനി ഒരു യാത്രക്കാരന് 168 രൂപ വീതം വച്ച് ക്വോട്ട് ചെയ്തപ്പോൾ, കെഎസ്ഐഡിസി ക്വോട്ട് ചെയ്തത് 135 രൂപയാണ്. മൂന്നാമത് എത്തിയ കമ്പനി 63 രൂപയാണ് ക്വോട്ട് ചെയ്തത്. അതായത്, സുതാര്യമായ രീതിയിൽ നടത്തിയ ബിഡ്ഡിംഗ് പ്രക്രിയയിൽ കെഎസ്ഐഡിസിക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അവരിതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടുമുണ്ട് - എന്ന് കേന്ദ്രവ്യോമയാനമന്ത്രി. 

എന്നാൽ, അദാനി എന്‍റര്‍പ്രൈസസ് കൂടുതല്‍ തുക ക്വോട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നതാണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.   

സർവകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ:

എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും  പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും  ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്.  സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക്   കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയ  കത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ബിഡില്‍ പങ്കെടുത്തുവെന്നും ഈ  ഓഫര്‍ ന്യായമായത് ആയിരുന്നുവെന്നും പറഞ്ഞിരുന്നു.  അദാനി എന്‍റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്നും അറിയിച്ചു.  

2003ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പില്‍, സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വിമാനത്താവളത്തിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് നല്‍കാമെന്ന് പറഞ്ഞിരുന്നു.  

സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്.  ഇതേ മാതൃകയില്‍ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേല്‍നോട്ടവും നടത്തിപ്പും ഏറ്റെടുക്കാന്‍ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുന്‍പരിചയമില്ല.  

2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യക്ക് 23.57 ഏക്കര്‍ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനത്തിനായി നല്‍കിയിട്ടുണ്ട്.  ഇതിനുപുറമേ, 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  ഏറ്റെടുത്ത് സൗജന്യമായി നല്‍കിയ ഭൂമിയുടെ വില എസ്പിവിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഇത് ഏറ്റെടുത്ത് നല്‍കിയത്.
 
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ റോയല്‍ ഫ്ളയിങ്ങ് ക്ലബ്ബ്  വക 258.06 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തിന്‍റെ 636.57 ഏക്കര്‍ വിസ്തൃതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയടക്കം കേന്ദ്ര തീരുമാനം തിരുത്തേണ്ടതിന്‍റെ അനിവാര്യത വ്യക്തമാക്കുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ അക്കമിട്ട് നിരത്തി.
 
പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ വിമാനത്താവളത്തിന് നല്‍കിയ സഹായസഹകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നല്‍കാന്‍ കഴിയില്ല.  സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഉള്ള കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.  നിയമനടപടികള്‍ സാധ്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയമോപദേശം തേടുന്നുണ്ട്.   രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകാഭിപ്രായത്തോടെയുള്ള സമീപനം സ്വീകരിച്ച് സംസ്ഥാനത്തിന്‍റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനുള്ള സംയുക്ത തീരുമാനം കൈക്കൊള്ളണം. ഇതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരം. നമ്മുടേത് ന്യായമായ ആവശ്യമാണ്. അത് ലഭിക്കണമെന്നുള്ളതാണ് നാടിന്‍റെ ആവശ്യം. ഒരു ഘട്ടം വരെ കേന്ദ്രം അത് അംഗീകരിച്ചതാണ്.

ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല. വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവര്‍ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നില്‍ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്ന് ഉന്നതതലത്തില്‍ സംസാരിച്ചപ്പോള്‍ വാക്കു തന്നതാണ്. അത് മറികടന്നുപോയിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.  

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.ഐ.എം), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ് ഐ), മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി. ദിവാകരന്‍ (സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സി.കെ. നാണു (ജനതാദള്‍ എസ്), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഷെയ്ക് പി ഹാരിസ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ. അസീസ് (ആര്‍.എസ്.പി), ജോര്‍ജ് കുര്യന്‍ (ബിജെപി), മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.