പിഎം ശ്രീ വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. വിദ്യാർത്ഥികൾക്ക് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയാണെന്നും ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിലപാട്
തിരുവനന്തുരം: പിഎം ശ്രീ വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. വിദ്യാർത്ഥികൾക്ക് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയാണെന്നും ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്, അത് വഴി കേന്ദ്രനയങ്ങൾ നടപ്പാക്കുന്നതിനെയെ എതിർക്കേണ്ടതുള്ളൂ. വിഷയത്തിലെ സിപിഐ എതിർപ്പിനെ കുറിച്ച് അറിയില്ല എന്നുമാണ് വസീഫിന്‍റെ പ്രതികരണം. കൂടാതെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഡിവൈഎഫ്ഐ നിലപാടിൽ മാറ്റമില്ലെന്നും വസീഫ് വ്യക്തമാക്കി. നിലവില്‍ പിഎം ശ്രീ പദ്ധതി സഹകരണത്തെ ചൊല്ലി ഇടതുമുന്നണിയിൽ രാഷ്ട്രീയ കലഹം നടക്കുകയാണ്. പദ്ധതി നടപ്പിൽ സിപിഐ ആശങ്ക സ്വാഭാവികമാണെന്നും മുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്നും കൺവീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പ് വാദം നിലനിൽക്കില്ലെന്ന് സിപിഐ മുഖപത്രം ജനയുഗം വ്യക്തമാക്കയതോടെ വിവിദ അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്.
മുന്നണിയിൽ ചര്‍ച്ച ചെയ്യാതെ മന്ത്രിസഭായോഗം തീരുമാനിക്കാതെ പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ ഇടതുമുന്നണിയിൽ അസംതൃപ്തി ഒഴിയുന്നില്ല. മറ്റ് കേന്ദ്ര പദ്ധതികളുമായി സഹകരിക്കുമ്പോൾ പിഎം ശ്രീയിൽ നിന്ന് മാത്രമായി മാറി നിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പദ്ധതി സഹകരണം എന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ന്യായം. വിവാദമായ ദേശീയ വിദ്യാഭ്യാസ നയം അഥവാ എൻഇപി നടപ്പാക്കേണ്ടിവരുമെന്ന രാഷ്ട്രീയ ആശങ്ക അസ്ഥാനത്താണെന്ന മന്ത്രിയുടെ വാദം പാടെ തള്ളുന്നതാണ് സിപിഐ മുഖ പത്രം ജനയുഗത്തിൽ വന്ന ലേഖനം. കരിക്കുലം പാഠ്യപദ്ധതി മുതൽ സ്കൂൾ നടത്തിപ്പും നിയന്ത്രണവും അടക്കം നിര്‍ണ്ണായകമായ ഇടപെടുകൾ കേന്ദ്ര നയത്തിന്റെ ഭാഗമായി നടപ്പാക്കേണ്ടിവരുമെന്നാണ് സിപിഐ അധ്യാപക സംഘടനാ നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്.
മുഖ്യമന്ത്രിയുടെ കൂടി സൗകര്യം കണക്കിലെടുത്ത് മുന്നണി യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാനാണ് നേതൃത്വത്തിന്‍റെ ആലോചന. പറഞ്ഞതിന് അപ്പുറം ഇനിയൊന്നും പറയാനില്ലെന്നാണ് വിഷയത്തില്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതി പങ്കാളിത്തമായാൽ പിന്നെ സ്കൂളുകളിൽ പ്രധാമന്ത്രിയുടെ പേരിലുള്ള ബോർഡ് സ്ഥാപിക്കുന്നത് അടക്കം മാർഗ്ഗനിർദ്ദേശങ്ങളിൽ കേന്ദ്രം വിട്ടുവീഴ്ചക്ക് തയ്യാറാകില്ല. രാഷ്ട്രീയ തര്‍ക്കം പരമാവധി മുതലാക്കാനാണ് നിലവില്‍ പ്രതിപക്ഷ നീക്കം
ഒരു ബ്ലോക്കിൽ ഒരു സ്കൂൾ എന്ന നിലക്കാണ് പദ്ധതി നടത്തിപ്പ്. എൻഇപി വഴി വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണത്തിനാണ് കേന്ദ്ര ശ്രമമെന്ന് ദേശീയ തലത്തിൽ ഇടത് പാർട്ടികൾ വിമർശിക്കുമ്പോൾ വിവാദത്തിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രസക്തിയേറുകയാണ്.



