വലഞ്ഞത് 5 ദിവസം, ഒടുവിൽ തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; ഉയർന്ന പ്രദേശങ്ങളിലും വെള്ളമെത്തി
സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ വാട്ടർ ലൈൻ അലൈന്മെന്‍റ് മാറ്റിയ സ്ഥലങ്ങളിൽ ഇനിയും ദുരിതം തുടരും.
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം. ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചത്. പമ്പിങ് പുനരാരംഭിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തിയിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിൽ രാത്രിയോടെ വെള്ളമെത്തി. വേണ്ടത്ര മുന്നൊരുക്കം നടത്താതെ അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റ് മാറ്റിയത് അഞ്ച് ദിവസമാണ് നഗരവാസികളെ വലച്ചത്. പ്രതിസന്ധി അയഞ്ഞെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഇടത് എംഎൽഎമാരുടെ ഉൾപ്പെടെ ആവശ്യത്തിൽ എന്തു നടപടി ഉണ്ടാകും എന്നാണ് ഇനി അറിയാനുള്ളത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ വാട്ടർ ലൈൻ അലൈന്മെന്‍റ് മാറ്റിയ സ്ഥലങ്ങളിൽ ഇനിയും ദുരിതം തുടരും.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആദ്യം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി തുടങ്ങിയത്. എന്നാല്‍, തിങ്കളാഴ്ച വൈകിട്ടുവരെയും ഉയര്‍ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയിരുന്നില്ല. നേമം, മേലാംകോട്, വട്ടിയൂർക്കാവ് , വാഴോട്ട്കോണം ഭാഗങ്ങളിൽ ഇന്നലെയാണ് വെള്ളമെത്തിയത്. പിടിപി നഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് കീഴിലെ വാര്‍ഡുകളിലും ഇന്നലെ രാത്രിയോടെയാണ് വെള്ളമെത്തിയത്.