നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും ജല വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ലെന്നുമുള്ള ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങൾ പൊളിയുന്നു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നവംബർ ഒന്നിന് ചേർന്ന യോഗത്തിൽ പങ്കെടുത്തുവെന്നതിന്റെ തെളിവായ സർക്കാർ രേഖകൾ പുറത്തു വന്നു.  

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാമിന് സമീപത്തെ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങൾ പൊളിയുന്നു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നവംബർ ഒന്നിന് ചേർന്ന യോഗത്തിൽ പങ്കെടുത്തുവെന്നതിന്റെ തെളിവായ സർക്കാർ രേഖകൾ പുറത്തു വന്നു. 

നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്ക് അനുമതി എന്നാണ് പിസിസിഎഫിന്റെ ഉത്തരവിലുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ ഉത്തരവിലെ മൂന്നാം റഫറൻസിലാണ് യോഗ കാര്യം പറയുന്നത്. റോഷി പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ബെന്നിച്ചന്റെ ഉത്തരവ്. 

Mullaperiyar|മരംമുറി: ശശീന്ദ്രനെ തള്ളി ജലവിഭവ മന്ത്രി, ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്ന് റോഷി

ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നുമായിരുന്നു റോഷി അഗസ്റ്റിൽ നേരത്തെ പറഞ്ഞത്. ഒന്നാം തിയ്യതി അനൌദ്യോഗികമായി പോലും യോഗം ചേർന്നിട്ടില്ല, വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയത്. ജലവകുപ്പിന്റെ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെ. ഒന്നാം തിയ്യതി യോഗം ചേർന്നിട്ടില്ലെന്നും ഇത് തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നാണ് തന്നെ ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി ടികെ ജോസ് അറിയിച്ചതെന്നും റോഷി അഗസ്റ്റിൻ വിശദീകരിച്ചിരുന്നു. എന്നാൽ അതെല്ലാം തെറ്റെന്ന് തെളിയിക്കുന്നതാണ് സർക്കാർ രേഖകൾ. 

YouTube video player

അതിനിടെ, മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന് മുന്നോടിയായി കേരള-തമിഴ്നാട് ഉദ്യോഗസ്ഥ‍ സംയുക്ത പരിശോധന നടത്തിയെന്ന് സർക്കാർ സഭയിൽ സമ്മതിച്ചു. ജൂൺ 11ന് നടന്ന സംയുക്ത പരിശോധനയെ കുറിച്ച് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ചെയ‍ർമാൻറെ കത്ത് പുറത്തായതോടെയാണ് സർക്കാർ സഭയിൽ തിരുത്തിപ്പറഞ്ഞത്. പരിശോധന നടത്തിയില്ലെന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസിന് തിങ്കളാഴ്ച വനംമന്ത്രി മറുപടി നൽകിയത്. തെളിവ് പുറത്തായതോടെയാണ് മന്ത്രിക്ക് തിരുത്തേണ്ടി വന്നത്. തിരുത്താൻ എ കെ ശശീന്ദ്രൻ കത്ത് നൽകിയതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.