പൊതുതോട് സ്വകാര്യവ്യക്തി നികത്തിയതോടെ ഒറ്റമഴയിൽ പ്രദേശം പൂർണമായും വെള്ളക്കെട്ടിലായി

അമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി നികത്തിയതോടെ ഒറ്റമഴയിൽ പ്രദേശം പൂർണമായും വെള്ളക്കെട്ടിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ എൻഎസ്എസ് യുപി സ്കൂളിന് കിഴക്ക് പഴനിലം ഭാഗത്തെ നാല്പതോളം കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. ഈ പ്രദേശത്തെ കരവെള്ളം പൂക്കൈതയാറുമായി ബന്ധപ്പെട്ടുള്ള വെട്ടിക്കരിത്തോട്ടിലേക്ക് ഒഴുകിയിരുന്ന കൈത്തോടാണ് നീരൊഴുക്കിനായി പൈപ്പുകൾ സ്ഥാപിച്ചശേഷം സ്വകാര്യവ്യക്തി നികത്തിയത്. റോഡിന് കുറുകെ കലുങ്കും നിർമിച്ചിരുന്നു. മണ്ണിനടിയിൽ സ്ഥാപിച്ചിരുന്ന പൈപ്പ് കാലപ്പഴക്കത്താൽ തകർന്നതാണ് നീരൊഴുക്ക് തടസ്സപ്പെടാൻ പ്രധാന കാരണം. വ്യാഴാഴ്ച തുടർച്ചയായി പെയ്ത ഒറ്റമഴയിൽ പഴനിലം അശോകൻ, ഷെരീഫ് എന്നിവരുടെ വീടുകൾ പൂർണമായും വെള്ളത്തിലായി. ഇവർ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഴ തുടരുന്നതോടെ മറ്റ് വീടുകളും വെള്ളത്തിൽ മുങ്ങുമെന്ന അവസ്ഥയിലാണ്. പ്രദേശത്തെ പലരുടെയും കരകൃഷികൾ വെള്ളത്തിലായി. വീടും പരിസരങ്ങളും വെള്ളക്കെട്ടിലായതോടെ, വെള്ളം കെട്ടിക്കിടന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ 38 കുടുംബങ്ങൾ പുന്നപ്ര തെക്ക് പഞ്ചായത്ത് ദുരന്തനിവാരണ കമ്മിറ്റിക്ക് പരാതി നൽകി. പൊതുതോട് നികത്തിയ ഭാഗത്തുകൂടി നീർച്ചാലുണ്ടാക്കി നിലവിലുള്ള വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണണമെന്നും, അതിനുശേഷം തകർന്ന പൈപ്പിന് പകരം പുതിയത് സ്ഥാപിച്ച് ശാശ്വതപരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

YouTube video player