Asianet News MalayalamAsianet News Malayalam

ബന്ദിപ്പൂർ വഴി വന്ന ആരും വീട്ടിൽ പോകരുതെന്ന് കർശന നിർദേശം, വയനാട് അതിർത്തി അടച്ചു

ഇരുനൂറിലധികം മലയാളികള്‍ക്കാണ് ബന്ദിപ്പൂർ വനത്തിന് സമീപം അതിർത്തിയില്‍ രാത്രിമുഴുവന്‍ കഴിച്ചുകൂട്ടേണ്ടിവന്നത്. 

Wayanad boarder is closed
Author
Wayanad, First Published Mar 25, 2020, 1:11 PM IST

വയനാട്: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ശന നടപടികളുമായി വയനാട് ജില്ലാ  ഭരണകൂടം. അതിര്‍ത്തി വഴി ഇനി ആരെയും കേരളത്തിലേക്ക് കടത്തിവിടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി വീട്ടിലേക്ക് പോകാനാവില്ല. അതേസമയം കർണാടക മധൂർ ചെക്പോസ്റ്റില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവരെ അതിര്‍ത്തി തുറന്ന് കടത്തിവിട്ടു. ഇവര്‍  കൊവിഡ് സെന്‍ററിലേക്ക് മാറണം. കർണാടകത്തില്‍നിന്നും നാട്ടിലേക്ക് തിരിച്ച മലയാളികളെ മണിക്കൂറുകളോളം അതിർത്തിയില്‍ തടഞ്ഞത് വാര്‍ത്തയായതിന് പിന്നാലെയാണ് ഇവരെ കടത്തിവിട്ടത്. 

ഇരുനൂറിലധികം മലയാളികള്‍ക്കാണ് ബന്ദിപ്പൂർ വനത്തിന് സമീപം അതിർത്തിയില്‍ രാത്രിമുഴുവന്‍ കഴിച്ചുകൂട്ടേണ്ടിവന്നത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തിന് പിന്നാലെ കർണാടകത്തില്‍ വാടകവീടുകളിലും മറ്റും കഴിഞ്ഞിരുന്ന മലയാളികളോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഉടമസ്ഥർ ആവശ്യപ്പെടുകയായിരുന്നു. കയ്യില്‍ കിട്ടിയതുമെടുത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയ ഇരുനൂറിലധികംപേരാണ് കർണാടക മധൂർ ചെക്പോസ്റ്റില്‍ കുടുങ്ങിയത്. കേരള ചീഫ് സെക്രട്ടറിയുടെ ഉത്തരവില്ലാതെ കടത്തിവിടാനാകില്ലെന്ന് കർണാടക വനംവകുപ്പ് അധികൃതർ ഉത്തരവിട്ടതോടെ രാത്രി മുഴുവന്‍ അതിർത്തിയില്‍ വാഹനത്തില്‍ കഴിയേണ്ടിവന്നു. 

ഈയവസ്ഥ രാവിലെ മാധ്യമങ്ങള്‍ വാർത്തയാക്കിയതോടെ അധികൃതർ ഇടപെട്ട് അതിർത്തി തുറപ്പിച്ചു. ശേഷം മുത്തങ്ങ ചെക്പോസ്റ്റിലെത്തിച്ച ഇവരെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച ശേഷം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. എല്ലാവരും ഇനി 14 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയണം. കർണാടകത്തില്‍ താമസിച്ചിരുന്ന നിരവധിപേർ വിവിധയിടങ്ങളിലായി നാട്ടിലേക്ക് മടങ്ങാനാകാതെ ഇപ്പോഴും കുടുങ്ങികിടക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കർശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അനാവിശ്യമായി വാഹനത്തില്‍ റോഡിലിറങ്ങിയവരെ പൊലീസ് വിരട്ടിയോടിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios