വയനാടിലെ ജന മനസ്സ് എങ്ങോട്ട്?.

ഇക്കുറി കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളാണ് വയനാട് ജില്ലയിലേത്. പ്രളയബാധിതര്‍ക്കുള്ള പുനരധിവാസവും വികസന പ്രവര്‍ത്തനങ്ങളുമാണ് പ്രചാരണത്തിലെ മുഖ്യവിഷയങ്ങള്‍. മൂന്ന് മണ്ഡലങ്ങളാണ് വയനാട് ജില്ലയിലുള്ളത്. മൂന്നില്‍ രണ്ടും ഭരിക്കുന്നത് യുഡിഎഫാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കളത്തിലിറങ്ങിയത്. ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്. മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ രണ്ടെണ്ണം യുഡിഎഫും ഒരെണ്ണം എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 15 എണ്ണം യുഡിഎഫിനാണ്. ആറെണ്ണം മാത്രമാണ് എല്‍ഡിഎഫിനുള്ളത്.

മുഖ്യ ആയുധം പുനരധിവാസം!

പുനരധിവാസമാണ് ഇവിടെ പ്രധാന ചര്‍ച്ചാവിഷയം. വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ ആദ്യഘട്ട വീടുകള്‍ പോലും പൂര്‍ത്തിയാകാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് യുഡിഎഫും, എന്‍ഡിഎയും. പ്രതിരോധത്തിലായ സിപിഎം കോണ്‍ഗ്രസ് വീട് നിര്‍മ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ്.

ടൗണ്‍ഷിപ്പ് നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാന്‍ വീടില്ലാതെ ദുരന്ത ബാധിതര്‍ പ്രതിസന്ധിയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് കാരണം. മാര്‍ച്ച് ഒന്നിനാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തില്‍ പണി കഴിക്കുമെന്നും ആദ്യ ഘട്ടത്തില്‍ തന്നെ 178 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുമെന്നും ഏപ്രിലോടെ എല്ലാ ദുരന്തബാധിതര്‍ക്കും താമസിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ അന്ന് പറഞ്ഞത്. എന്നാല്‍ കൈമാറിയ വീടുകളുടെ പണികള്‍ പോലും ഇതുവരെ പൂര്‍ത്തികരിച്ചിട്ടില്ല. പണി എപ്പോള്‍ പൂര്‍ത്തീകരിക്കും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും വരുത്തിയിട്ടില്ല.

മാനന്തവാടിയുടെ മനസ്സ് ആര്‍ക്കൊപ്പം?

മാനന്തവാടി താലൂക്കിലെ എടവക, മാനന്തവാടി , പനമരം, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. പട്ടിക വര്‍ഗ്ഗ സംവരണ മണ്ഡലമാണ്. സിപിഎം പ്രതിനിധിയും മന്ത്രിയുമായ ഒ ആര്‍ കേളുവാണ് നിലവിലെ എംഎല്‍എ. 2026-ലും ഒ ആര്‍ കേളുവായിരുന്നു എംഎല്‍എ. 2011-ല്‍ മാനന്തവാടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച പി കെ ജയലക്ഷ്മി യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

മന്ത്രിയുടെ മണ്ഡലം പിടിച്ചെടുക്കാന്‍ സംഘടന ശക്തി പരമാവധി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും. എന്നാല്‍ ഒ ആര്‍ കേളുവിന് വ്യക്തിപരമായ ലഭിക്കുന്ന വോട്ടുകളടക്കം ഇത്തവണയും ജയിക്കുമെന്നാണ് എല്‍ഡിഎഫ് ആത്മവിശ്വാസം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുനെല്ലിയെന്ന ഒറ്റ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. മാനന്തവാടി മുന്‍സിപ്പാലിറ്റി നിലനിര്‍ത്തിയ യുഡിഎഫ് വെള്ളമുണ്ട, തൊണ്ടര്‍നാട്, പനമരം പഞ്ചായത്തുകള്‍ പിടിച്ചെടുത്തിരുന്നു. തദ്ദേശ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് നല്ല ലീഡ് ലഭിക്കാറുള്ള മാനന്തവാടിയില്‍ നിയമസഭയില്‍ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് എല്‍ഡിഎഫ് ആണ്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ വാശിയോടെയാണ് ഇത്തവണ യുഡിഎഫിന്റെ പ്രവര്‍ത്തനം. മത്സരം വ്യക്തിപരമാക്കാതെ പൂര്‍ണമായും രാഷ്ട്രീയ മത്സരമാക്കി നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. മുന്‍പ് മുന്നണിയില്‍ ഉണ്ടായിരുന്ന ഒരു പ്രശ്‌നവും ഇത്തവണയില്ലെന്നത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മെമ്പര്‍മാരുടെയും നേതൃത്വത്തിലാണ് പ്രചരണം മുന്നോട്ട് പോകുന്നത്. ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്ക് നേരിട്ടാണ് പ്രചരണത്തിന്റെ ഏകോപനം.

എന്നാല്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നപ്പോഴും ജയിക്കാനായിട്ടുണ്ടെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഒആര്‍ കേളുവിന് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. മാനന്തവാടിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭരണ വിരുദ്ധ വികാരത്തെയും ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്.

പരമാവധി പതിനാറായിരം വോട്ട് മാത്രം ലഭിച്ച ചരിത്രമുള്ള മാനന്തവാടിയില്‍ എന്‍ഡിഎ ഇത്തവണ ശ്യാംരാജ് എന്ന യുവ നേതാവിനെയാണ് രംഗത്തിറക്കിയത്. തൃശൂര്‍ മോഡല്‍ വിജയമാണ് ഇവിടെ എന്‍ഡിഎ സ്വപ്നം കാണുന്നത്.

മാറ്റം സുല്‍ത്താന്‍ ബത്തേരിക്ക് പുത്തരിയല്ല!

സുല്‍ത്താന്‍ ബത്തേരി, പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം. 2011 മുതല്‍ പട്ടിക വര്‍ഗ്ഗ സംവരണ മണ്ഡലമാണ് ഇത്. 2021-ല്‍ എല്‍ഡിഎഫിലെ എംഎസ് വിശ്വനാഥനെ തോല്‍പ്പിച്ചാണ് ഐസി ബാലകൃഷ്‍ണന്‍ 81,077 വോട്ടു നേടി വിജയിച്ചത്. ഇത്തവണയും ഐസി ബാലകൃഷണനും എം എസ് വിശ്വനാഥനും തന്നെയാണ് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. കവിത എ എസ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി. കേരളത്തിലെ ഏക ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ഥിയായി പ്രകൃതിയും മത്സര രംഗത്ത് ഉണ്ട്.

തുടര്‍ച്ചയായി മൂന്ന് വട്ടം ഐ സി ബാലകൃഷ്‍ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006-ല്‍ എല്‍ഡിഎഫിന്റെ പി കൃഷ്‍ണപ്രസാദും, 2001-ല്‍ യുഡിഎഫിന്റെ എന്‍ഡി അപ്പച്ചനുമായിരുന്നു എം എല്‍ എമാര്‍.

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് സുല്‍ത്താന്‍ ബത്തേരി വിലയിരുത്തപ്പെടുന്നത്. 1977-ല്‍ മണ്ഡലം രൂപീകൃതമായതു മുതല്‍ രണ്ട് പ്രാവശ്യം മാത്രമാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തത്. അതുമാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസോ സഖ്യകക്ഷികളോ അല്ലാതെ മറ്റാരും ഇവിടെ വിജയിച്ചിട്ടില്ല. പണിയ, കാട്ടുനായ്ക്ക, കുറുമ, അടിയ വിഭാഗങ്ങളുള്‍പ്പെടെയുള്ള ആദിവാസികള്‍ ഇവിടെ ശക്തരാണ്. മധ്യതിരുവിതാംകൂറില്‍ നിന്നു കുടിയേറിയ ക്രൈസ്തവ കര്‍ഷകര്‍, വ്യാപാര മേഖലയില്‍ സജീവമായ മുസ്ലീം വിഭാഗം എന്നിവര്‍ രാഷ്ട്രീയമായി നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നവരാണ്.

കൃഷിയെയും കുടിവെള്ള ലഭ്യതയെയും ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ആന, കടുവ എന്നിവയുമായി ബന്ധപ്പെട്ട മനുഷ്യ-വന്യജീവി സംഘര്‍ഷം, വന്യജീവി ഇടനാഴികള്‍ നശിപ്പിക്കപ്പെടുന്നത്, കുരുമുളക്, ഇഞ്ചി കര്‍ഷകരുടെ പ്രതിസന്ധികള്‍, ആദിവാസി ഭൂമി നഷ്ടപ്പെടുന്നതും വനാവകാശങ്ങളിലെ കാലതാമസവും, അതിര്‍ത്തി റോഡുകളിലെ സുരക്ഷയും വന്യജീവികളുടെ മരണവും, നിയന്ത്രണമില്ലാത്ത ടൂറിസം പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം തുടങ്ങിയവയാണ് മണ്ഡലത്തിലെ പ്രധാന വിഷയങ്ങള്‍. കൃഷിയും കാടും വന്യജീവികളും മനുഷ്യരും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടം നടക്കുന്ന ഭൂമികയാണ് സുല്‍ത്താന്‍ ബത്തേരി. പുനരധിവാസ വിഷയവും ഇപ്രാവശ്യം ചര്‍ച്ചയാകുന്നുണ്ട്.

കൈവിട്ടും തിരിച്ചുപിടിച്ചും കല്‍പറ്റ

1965-ല്‍ രൂപീകൃതമായ കല്‍പ്പറ്റയ്ക്ക് ദീര്‍ഘമായ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട്. വൈത്തിരി താലൂക്കിലെ കല്‍പ്പറ്റ നഗരസഭയും കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മുപ്പൈനാട്, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, വൈത്തിരി എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് കല്‍പ്പറ്റ നിയമസഭാ മണ്ഡലം. സിറ്റിംഗ് എംഎല്‍എ ടി സിദ്ദിഖ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി കെ അനില്‍കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനെയാണ് എന്‍ഡിഎ കളത്തിലിറക്കിയത്.

2006-ലും 2011-ലും എം വി ശ്രേയാംസ് കുമാര്‍ വലിയ വിജയങ്ങള്‍ നേടിയിരുന്നു. എന്നാല്‍ 2016-ല്‍ എല്‍ഡിഎഫിന്റെ സി കെ ശശീന്ദ്രനോടും 2021-ല്‍ ടി സിദ്ദിഖിനോടും അദ്ദേഹം പരാജയപ്പെട്ടു. 2021-ല്‍ ടി സിദ്ദിഖിലൂടെയാണ് യുഡിഎഫ് കല്‍പ്പറ്റ തിരിച്ചുപിടിച്ചത്. 5,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ദിഖിന്റെ വിജയം. അന്നത്തെ എംപി രാഹുല്‍ ഗാന്ധിക്കുണ്ടായ വലിയ സ്വാധീനം സിദ്ധിഖിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പന്ത്രണ്ട് ശതമാനത്തിനടുത്ത് വോട്ടുകള്‍ ബിജെപിയ്ക്കുണ്ട്. 2021ല്‍ ടി എം സുബീഷ് 14,113 വോട്ടുകള്‍ നേടിയിരുന്നു.

കര്‍ഷകര്‍, മധ്യ-ദക്ഷിണ കേരളത്തില്‍ നിന്ന് കുടിയേറിയവര്‍, ആദിവാസി വിഭാഗങ്ങള്‍ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന ജനസംഖ്യാ ഘടനയാണ് കല്‍പ്പറ്റയുടെ സവിശേഷത. ഇത് വോട്ടര്‍മാരുടെ രാഷ്ട്രീയ നിലപാടുകളിലും പ്രതിഫലിക്കാറുണ്ട്. അതിനാല്‍ നിക്ഷ്പക്ഷ വോട്ടുകള്‍ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. തോട്ടം തൊഴിലാളി പ്രശ്‌നങ്ങള്‍, കുടിയേറ്റ കര്‍ഷകരുടെ ആവശ്യങ്ങള്‍, കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിലത്തകര്‍ച്ച, വന്യമൃഗ ശല്യം, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കല്‍പ്പറ്റയില്‍ നിര്‍ണ്ണായകമാണ്. വലിയ വികസന പദ്ധതികളിലൂടെ കല്‍പ്പറ്റയുടെ പ്രതിച്ഛായ മാറ്റിമറിക്കുമെന്ന പ്രഖ്യാപനങ്ങളേക്കാള്‍ പ്രാദേശിക വിഷയങ്ങളിലെ പരിഗണനയാണ് കല്‍പ്പറ്റയിലെ ജനങ്ങളുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക