ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് മന്ത്രി
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എന്തിനാണ് കോൺഗ്രസ് അവരെ സംരക്ഷിക്കുന്നത് എന്നറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരിൽ കനത്ത പ്രയാസമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഉത്തരവാദപ്പെട്ടവർ സ്വീകരിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. ദയനീയമായ സ്ഥിതിയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണ്. തെറ്റ് ചെയ്തവരെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
വയനാട് കൽപറ്റയിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ എം പിയുടെ പിഎ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്.ആർ. കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ നാലിൽ മൂന്ന് പേരും രാഹുലിന്റെ ഓഫീസ് സ്റ്റാഫ്, ജാമ്യം കിട്ടുന്ന വകുപ്പെന്ന് പൊലീസ്
രാഹുൽഗാന്ധിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ്പിയുടെ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ട്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയായിരുന്നു എസ്‍പി റിപ്പോർട്ട് തയാറാക്കിയത്.
തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നു. എസ്എഫ്ഐ പ്രവർത്തകർ കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനു ശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എംപി ഓഫിസിലെ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം.
