ചാലിയാറിന്‍റെ തീരത്ത് നിന്ന് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി; ദുരന്ത മേഖലയിൽ 13 ദിവസവും തെരച്ചില്‍ തുടരുന്നു
മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാർ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയില്‍ അടക്കം ഇന്നും തെരച്ചില്‍ തുടരുകയാണ്.
വയനാട്: ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്‍റെ തീരത്ത് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാർ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയില്‍ അടക്കം ഇന്നും തെരച്ചില്‍ തുടരുകയാണ്. ഏഴ് സംഘങ്ങളായാണ് കലക്കൻ പുഴ മുതല്‍ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചില്‍ നടത്തുന്നത്. ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘം ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോയെന്നതില്‍ ശുപാർശ നല്‍കാനും അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും. നാഷണല്‍ സെന്‍റർ ഫോർ എർത്ത് സയൻസിലെ മുന്‍ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായി സർക്കാർ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. ഉരുള്‍പ്പൊട്ടലില്‍ രേഖകള്‍ നഷ്ടമായവർക്ക് അത് വീണ്ടും നല്‍കുന്നതിനായുള്ള നടപടികള്‍ രണ്ട് ക്യാംപുകളിലായി തുടങ്ങിയിട്ടുണ്ട്. മേപ്പാടി സെന്‍റ് ജോസഫ് സ്കൂളിലും ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലും ക്യാമ്പുകളില്‍ കഴിയുന്നുവരില്‍ നിന്ന് വിവരം ശേഖരണം നടത്തിയാണ് ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിനിടെ, ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവയുടെ ഡിഎൻഎ പരിശോധനാ ഫലം കിട്ടിത്തുടങ്ങി. ഇവ ഇന്ന് മുതൽ ഇത് പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും. താൽക്കാലിക പുനരധിവാസവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് സർക്കാർ. 250ൽ അധികം വീടുകൾ ഇതിനോടകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.