Asianet News MalayalamAsianet News Malayalam

ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ; അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന

മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചിൽ നടത്തുകയെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി

wayanad landslide disaster next level search Drone survey of disaster-affected areas
Author
First Published Aug 3, 2024, 7:15 PM IST | Last Updated Aug 3, 2024, 7:15 PM IST

കല്‍പ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും. 

എൻ.ഡി.ആർ.എഫ്, കെ - 9 ഡോഗ് സ്ക്വാഡ്, ആർമി കെ - 9 ഡോഗ് സ്ക്വാഡ്, സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ്  തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ചാം ദിവസം തെരിച്ചിൽ നടത്തിയത്.  ഇന്നത്തെ പരിശോധനയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി. 

പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി.  അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡറും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമിതി അറിയിച്ചു. 

ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പടെയാണ് തെരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നൽകുന്നതിന് ആളുകൾ പോകരുത്. 

ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു.

ഉറ്റവരെ തിരിച്ചറിയാൻ ഡിഎന്‍എ പരിശോധന; സാമ്പിളെടുക്കാൻ മാനസികാരോഗ്യ പ്രോട്ടോകോൾ തയ്യാറെന്നും ആരോഗ്യമന്ത്രി

 

Latest Videos
Follow Us:
Download App:
  • android
  • ios