പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോ​ഗിക്കാന്‍ തീരുമാനം. പുനരധിവാസം വേഗത്തിലാക്കാനാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയര്‍ ഫീറ്റ് വീടിന്‍റെ പ്ലാനാണ് തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ.

ഏജൻസി ആരാണെന്നതിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വീട് വക്കാൻ സഹായം വാഗ്ദാനം ചെയ്തവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 38 സംഘടനകൾ ഇതിനകം സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി കരട് പ്ലാൻ പ്രത്യേക മന്ത്രിസഭായോഗത്തിന് മുന്നിൽ അവതരിപ്പിച്ചു. ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിയമതടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

Also Read:  'അന്ന് ടൗണ്‍ഷിപ്പൊക്കെ വാഗ്ദാനം ചെയ്തു, പക്ഷേ ഇന്ന് വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയാണ്': പുത്തുമല ദുരന്തബാധിതർ

അതേസമയം, ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വൻ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ പ്രതിഷേധമുയർത്തി. നാലര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ പുറത്തിറക്കിയത്. 388 കുടുംബങ്ങളുള്ള പട്ടിക പുറത്തിറങ്ങിയതോടെ വിവാദവും തുടങ്ങി. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടികയിൽ അടിമുടി പിഴവാണെന്ന് ദുരന്തബാധിതർ തന്നെ പറയുന്നത്. ദുരന്തബാധിതരെ വേർതിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിഡിഎംഎ യോഗം ചേരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം