Asianet News MalayalamAsianet News Malayalam

വയനാട് ഉരുൾപൊട്ടൽ; നിർണായക പ്രഖ്യാപനവുമായി സർക്കാർ, റവന്യു റിക്കവറി നടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു

ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകള്‍,വായ്പാ കുടിശികകള്‍ എന്നിവയിലാണ് എല്ലാതരത്തിലുമുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്

Wayanad Landslide; government announced moratorium on revenue recovery measures in vythiri taluk
Author
First Published Sep 3, 2024, 9:12 PM IST | Last Updated Sep 3, 2024, 10:16 PM IST

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്ത ബാധിത മേഖലകളിലെ ആളുകളുടെ വായ്പകള്‍ക്ക് പ്രഖ്യാപനം ബാധകമായിരിക്കും. കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ റവന്യു റിക്കവറി ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം. റവന്യു മന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.


ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകള്‍,വായ്പാ കുടിശികകള്‍ എന്നിവയിലാണ് എല്ലാതരത്തിലുമുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാഷണലൈസ്ഡ്, ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. റവന്യു വകുപ്പ് ജോയിന്‍റ് സെക്രട്ടറി കെ സ്നേഹലതയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഉത്തരവിന്‍റെ പകര്‍പ്പ് സംസ്ഥാന ബാങ്കേഴ്സ് സമിതിക്കും ജില്ലാ കളക്ടര്‍ക്കും അയച്ചിട്ടുണ്ട്. ജൂലൈ 26നാണ് കേരള റവന്യു റിക്കവറി ഭേദഗതി നിയമം നിലവില്‍ വന്നത്. ജപ്തി നടപടികള്‍ നീട്ടിവെയ്ക്കുന്നതിനും മൊറട്ടോറിയം അനുവദിക്കുന്നതിനും തവണ അനുവദിക്കുന്നതിനും 2024ലെ കേരള റവന്യു റിക്കവറി ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

മന്ത്രി കെ രാജന്‍റെ ഫേയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

വയനാട് ജില്ലിയെല ചൂരല്‍മല ഉള്‍പ്പെടെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിര താലൂക്കിലെ വായ്പകളിന്‍മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ ജൂലായ് മാസം നിയമസഭയില്‍ അവതരിപ്പിച്ച് സഭ പാസാക്കിയ കേരള റവന്യൂ റിക്കവറി ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്.

സാധാരണ ഗതിയില്‍ ജപ്തി നടപടികള്‍ നേരിടുമ്പോള്‍ റവന്യൂ മന്ത്രിയുടെ ഉത്തരവില്‍ ജപ്തി സ്റ്റേ ചെയ്തും കുടിശ്ശിക തുക തവണകളായി അടക്കാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചില ബാങ്കുകള്‍ കോടതിയില്‍ പോവുകയും കോടതി സര്‍ക്കാരിന് ബാങ്കുകളുടെ ജപ്തി നടപടികള്‍ സ്റ്റേ ചെയ്യാനുള്ള അധികാരം ഇല്ലായെന്നും വിധിക്കുകയുണ്ടായി. ഈ വിധി സാധാരണക്കാരായ ജനങ്ങളെ ഒട്ടേറെ ബാധിക്കുകയുണ്ടായി. ഈ വിധിയുടെ മറവില്‍ പല ധനകാര്യ സ്ഥാപനങ്ങളും കടുത്ത നടപടിയുമായും മുന്നോട്ടു പോവുകയുണ്ടായി.

ആ പശ്ചാതലത്തിലാണ് റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപനത്തിന് ശേഷം 2024 ജൂലായ് 24 ന് ആണ് ഗവര്‍ണ്ണര്‍ ഒപ്പിട്ട് നിയമമായി മാറിയത്. ആ നിയമമാണ് ഇപ്പോള്‍ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയായത്. ആ നിയമത്തിന്‍റെ പിന്‍ബലത്തിലാണ് സര്‍ക്കാരിന് ഇത്തരത്തില്‍ വായ്പകളിന്‍മേല്‍ മൊറോട്ടോറിയം പ്രഖ്യാപിക്കാന്‍ കഴിഞ്ഞതെന്നതും യാഥാര്‍ത്ഥ്യമാണ്.

പാപ്പനംകോട് തീപിടിത്തം; ദുരൂഹതയേറുന്നു, ഓഫീസിൽ നിന്ന് കത്തി കണ്ടെത്തി, വൈഷ്ണയെ കുത്തിയശേഷം തീയിട്ടെന്ന് സംശയം

 

Latest Videos
Follow Us:
Download App:
  • android
  • ios