Asianet News MalayalamAsianet News Malayalam

വയനാട് ദുരന്ത ബാധിതര്‍ക്കുള്ള വാടക തുക നിശ്ചയിച്ചു; പ്രതിമാസം 6,000 രൂപ വരെ അനുവദിക്കും, ഉത്തരവിറക്കി

ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും തുക ലഭിക്കും. എന്നാല്‍, സർക്കാർ കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും മുഴുവൻ സ്പോൺസർഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവർക്കും തുക ലഭിക്കില്ല.

Wayanad landslide government order issued 6000 per month will be allowed to victims rented house
Author
First Published Aug 13, 2024, 8:47 PM IST | Last Updated Aug 13, 2024, 9:12 PM IST

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും. എന്നാല്‍, സർക്കാർ കെട്ടിടങ്ങളിലേക്ക് മാറുന്നവർക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും മുഴുവൻ സ്പോൺസർഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവർക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്പോൺസർഷിപ്പ് കിട്ടുന്നവർക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്ന് മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ധനസഹായം ലഭിക്കാത്തത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. അടിയന്തര ധനസഹായം ഇന്ന് നല്‍കി തുടങ്ങിയിട്ടുണ്ടെന്നും അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 

ആഗസ്റ്റ് 20നുള്ളിൽ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളിൽ വാടക വീടുകള്‍ കൈമാറാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു. അഞ്ച് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായാണ് ആളുകളെ താമസിപ്പിക്കുന്നത്. എല്ലാ മെമ്പര്‍മാരെയും രംഗത്തിറക്കി വാടക വീട് അന്വേഷിക്കുന്നുണ്ട്. ബന്ധുവീടുകളില്‍ താമസിക്കുന്നവര്‍ ആണെങ്കിലും സര്‍ക്കാര്‍ അനുവദിച്ച വാടക ലഭ്യമാക്കും. നഷ്ടപ്പെട്ട 138 രേഖകള്‍ ഇതുവരെ കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios