Asianet News MalayalamAsianet News Malayalam

വയനാട് ദുരന്തം; 'ഡിഎൻഎ ഫലം കിട്ടി തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം'; താത്കാലിക പുനരധിവാസം ഉടനെന്ന് മന്ത്രി

ഇന്നത്തെ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മൃതദേഹം മനുഷ്യന്‍റെയാണോ മൃഗത്തിന്‍റെതാണോ എന്ന് വ്യക്തമാകൂവെന്ന് മന്ത്രി.

Wayanad landslide Minister Mohammed Riyas says DNA results announced from tomorrow temporary rehabilitation will be soon
Author
First Published Aug 11, 2024, 6:42 PM IST | Last Updated Aug 11, 2024, 6:46 PM IST

ദില്ലി: വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.  

ഉരുള്‍പൊട്ടലിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയിൽ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി. എയര്‍ ലിഫ്റ്റ് ചെയ്യാനാവാത്തതിനാൽ ശരീരഭാഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് പുറത്തെത്തിച്ചത്. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മൃതദേഹം മനുഷ്യന്‍റെയാണോ മൃഗത്തിന്‍റെതാണോ എന്ന് വ്യക്തമാകൂ. അട്ടമലയിൽ നിന്ന് ഇന്ന് ഒരു എല്ലിൻ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുൾപൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു. 

നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പൻ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചിൽ 50 അംഗ സംഘവും പരിശോധന നടത്തും. പൂക്കോട്ട്മല മേഖലയിലും തെരച്ചിൽ തുടരുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയിൽ ഇപ്പോൾ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്പിൽ നിന്ന് എടുത്തിട്ടുണ്ട്. ലഭിച്ച ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. 

Also Read: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്, 20 പേർക്ക് പരിക്കേറ്റു

അതേസമയം, ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.  താത്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 14 ക്യാമ്പുകളാണ് ഉള്ളത്. സ്വന്തം നിലക്ക് പോകുന്നവർ, ബന്ധു വീട്ടിൽ പോകുന്നവർ, സ്പോൺസർ ചെയ്ത സ്ഥലത്ത് പോകുന്നവർ, സർക്കാർ കണ്ടെത്തിയ സ്ഥലത്ത് എന്നിങ്ങനെ 4 രീതിയിൽ താത്കാലിക പുനരധിവാസം നടത്താനാണ് തീരുമാനം. ക്യാമ്പിൽ ഉള്ളവരുടെ അഭിപ്രായം പരിഗണിച്ച ശേഷമേ ദുരിത ബാധിതരേ മാറ്റൂവെന്നും മന്ത്രി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios