മരണം മുന്നിൽ കണ്ട നിമിഷങ്ങൾ, ഉരുൾനോവുകൾ താണ്ടി ആയിഷ തിരികെ ജീവിതത്തിലേക്ക്; 46 ദിവസത്തിന് ശേഷം ആശുപത്രിവിട്ടു
കഴുത്തറ്റം മുങ്ങിപ്പോയ ആയിഷയെ ചെറുമകനാണ് രക്ഷിച്ചത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ആയിഷ പതിനാല് ദിവസമാണ് വെന്‍റിലേറ്ററില്‍ കഴിഞ്ഞത്.
വയനാട്: നാല്‍പ്പത്തിയാറ് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ പുഞ്ചിരമട്ടം സ്വദേശിനി ആയിഷ ആശുപത്രി വിട്ടു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ആയിഷ പതിനാല് ദിവസമാണ് വെന്‍റിലേറ്ററില്‍ കഴിഞ്ഞത്. കഴുത്തറ്റം മുങ്ങിപ്പോയ ആയിഷയെ ചെറുമകനാണ് രക്ഷിച്ചത്.
ഒന്നര മാസത്തോളം 69കാരിയായ ആയിഷ ആശുപത്രിയുടെ ചുവരുകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്. പലർക്കും ജീവൻ നഷ്ടമായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ജീവൻ നിലനിർത്താൻ കഴിയുമോയെന്ന് തീർച്ചയില്ലാതെ നാല്‍പ്പത്തിയാറ് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു ആയിഷ. ഉരുള്‍പ്പൊട്ടലില്‍ പരിക്കേറ്റ് ആശുപത്രയിലേക്ക് എത്തിക്കുമ്പോള്‍ ആയിഷയുടെ 13 വാരിയെല്ലുകളും കൈയ്യും ഒടിഞ്ഞിരുന്നു. അന്നനാളത്തില്‍ ദ്വാരം, ശ്വാസകോശത്തിന് തകരാർ തുടങ്ങി ഗുരുതരമായ പരിക്കുകള്‍ നിരവധിയായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ ആരോഗ്യവതിയായി ആയിഷ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കല്‍ കോളേജ് വിടുന്നത്.
ഉരുള്‍പ്പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്താണ് ആയിഷയും കുടംബവും താമസിച്ചിരുന്നു. മഴ കനത്തതോടെ ആയിഷ മകളുടെ വീട്ടിലേക്ക് മാറി. എന്നാല്‍ ഉറ്റബന്ധുക്കളടക്കം ആ വീട്ടില്‍ ഉണ്ടായിരുന്ന 9 പേരെ ഉരുളെടുത്തു. ചെറുമകനായ മുഹമ്മദ് ഹാനിയാണ് വെള്ളത്തില്‍ മുങ്ങിപ്പോയ ആയിഷയെ ജനലില്‍ കെട്ടിയിട്ട് രക്ഷിച്ചത്. ചികിത്സാ ചെലവും ഭക്ഷണവുമെല്ലാം പൂർണമായും സൗജനമായിരുന്നുവെന്നതിന് ആശുപത്രി അധികൃതരോട് പ്രത്യേക നന്ദി പറഞ്ഞാണ് ആയിഷയും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്.