09:58 PM (IST) Aug 01

നാളെ ചാലിയാറിന്റെ 40 കി.മീറ്റർ പരിധിയിൽ പരിശോധന

ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി നാളെ തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ അറിയിച്ചു. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്ററ്,നേവി ടീമും തെരച്ചിൽ നടത്തും. 

09:57 PM (IST) Aug 01

ദുരന്തമുഖത്ത് കൈത്താങ്ങാകാൻ യുഎഇയിൽ നിന്ന് പ്രവാസിയുടെ ചെറുബോട്ട് കേരളത്തിലെത്തും

 വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ ചാലിയാറില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് സഹായമാകുന്ന ചെറുബോട്ട് യുഎഇയില്‍ നിന്ന് കേരളത്തിലെത്തും. യുഎഇയില്‍ നിന്ന് പ്രവാസി അയക്കുന്ന ചെറുബോട്ട് നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറായി ഒരാള്‍ വന്നതായി പ്രവാസിയായ സാദിഖ് അറിയിച്ചു. യുഎഇയില്‍ തന്നെയുള്ള നാട്ടിലേക്ക് പോകുന്ന ആര്‍ജെയാണ് ബോട്ട് നാട്ടിലെത്തിക്കാൻ തയ്യാറായത്. ബോട്ട് കൊണ്ടുപോകാൻ നേരത്തെ സാദിഖ് നാട്ടിലേക്ക് പോകുന്നവരുടെ സഹായം തേടിയിരുന്നു. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയും നല്‍കിയിരുന്നു. സഹായത്തിന് നന്ദിയുണ്ടെന്ന് സാദിഖ് പറഞ്ഞു.

09:09 PM (IST) Aug 01

കോഴിക്കോടും പാലക്കാടും കൂടി അനധി പ്രഖ്യാപിച്ചു; മൊത്തം 7 ജില്ലയിൽ നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2024) അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ കളക്ടർമാർ നേരത്തെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

06:13 PM (IST) Aug 01

ബെയ്ലി പാലം സജ്ജം

ചൂരല്‍മലയില്‍ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്.

05:56 PM (IST) Aug 01

സാമ്പത്തിക സഹായം നല്‍കി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനായി സാമ്പത്തിക സഹായം നല്‍കി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്‍റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി. എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്‍ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ഇന്ന് വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. ഇവിടെവച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്‍റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്.

05:54 PM (IST) Aug 01

'അച്ഛൻ മരിച്ചപ്പോഴുള്ള അതേ വേദന, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തം': രാഹുൽ

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വളരെ വേദനാജകം. ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്നും അറിയില്ല.ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണിതെന്നും രാഹുല്‍ ഗാന്ധി സ്ഥലം സന്ദർശിച്ച് പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യും. അവരുടെ പുനരധിവാസം ഉള്‍പ്പെടെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

05:52 PM (IST) Aug 01

വയനാടിന് കൈത്താങ്ങ്, വീട് നഷ്ട്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് എഐവൈഎഫ് വീട് വെച്ച് നല്‍കും

വയനാട്ടിലെ ഉരുള്‍പൊട്ടൽ ബാധിതർക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചു. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിൽ ഉണ്ടായിട്ടുള്ളത്. വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കൾ അറിയിച്ചു.

04:45 PM (IST) Aug 01

കാണാതായത് 29 കുട്ടികളെ

ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർത്ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് വി എ ഉദ്യോഗസ്ഥതല യോഗത്തില്‍ അറിയിച്ചു.

03:57 PM (IST) Aug 01

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. Read More

02:50 PM (IST) Aug 01

ദുരന്തഭൂമിയില്‍ കനത്ത മഴ; രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കുന്നു

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചുരല്‍മലയിലും കനത്ത മഴ. ഇതേതുടര്‍ന്ന് മുണ്ടക്കൈയിലെത്തിയ രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കുകയാണ്. ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴ പെയ്യുകയാണ്. 

02:49 PM (IST) Aug 01

4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Read More

02:44 PM (IST) Aug 01

വയനാട്ടിലെ ദുരന്തഭൂമിയിൽ മുഖ്യമന്ത്രി

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്. ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ചു. പാലത്തിന്‍റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.

02:30 PM (IST) Aug 01

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി

പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ‍ഡി സതീശനും ഒപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സന്ദർശിക്കും.

12:53 PM (IST) Aug 01

ബെയിലി പാല നിർമാണം അവസാനഘട്ടത്തിൽ

സൈന്യം നിർമിക്കുന്ന ബെയിലി പാലത്തിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഇരുകരകളെയും ബന്ധിച്ചിപ്പിച്ചിട്ടുണ്ട്. ഇനി ഇരുമ്പ് ഷീറ്റുകൾ കൂടി വിരിച്ചാൽ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കും. ഏതാനും മണിക്കൂറുകൾക്കം ഈ പ്രവൃത്തികൾ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.

12:11 PM (IST) Aug 01

സർവകക്ഷി യോഗം പുരോഗമിക്കുന്നു

വയനാട് കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരും, രാഷ്ട്രീയ പാർട്ടി നേതാക്കളും ജില്ലയിലെ എംഎൽഎമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ളവരും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

11:49 AM (IST) Aug 01

കണ്ടെത്താനുള്ളത് 240ഓളം പേരെ

മുണ്ടക്കൈ പ്രദേശത്തു നിന്ന് കാണാതായ 240ഓളം പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. മൂന്നാം ദിവസവും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്. നിലമ്പൂർ പോത്തുകല്ലിലും ചാലിയാറിലൂടെ ഒഴുകിയെത്തുന്ന ശരീര ഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയരാനാണ് 

11:07 AM (IST) Aug 01

മരണം 273

വ്യാഴാഴ്ച രാവിലെ തുടങ്ങിയ തെരച്ചിലിൽ ഏതാനും മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കെട്ടിട അവശിഷ്ടങ്ങൾ യന്ത്ര സഹായത്തോടെ നീക്കിയാണ് ഇന്നത്തെ പരിശോധന.

11:03 AM (IST) Aug 01

ബന്ദിപ്പൂർ വഴി രാത്രി യാത്രയിൽ ഇളവില്ല

ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്രയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ദുരിതാശ്വാസ പ്രവർത്തനത്തിന് ആളുകൾക്ക് എത്തുന്നതിനും, സാധനങ്ങൾ കൊണ്ട് വരുന്നതിനും ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് തള്ളിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് ആണ് രാജ്യസഭയിൽ ഇത് സാധിക്കില്ലെന്ന് അറിയിച്ചത്. രാജ്യസഭാംഗം ഹാരിസ് ബീരാനാണ് രാജ്യസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്.

09:47 AM (IST) Aug 01

വെള്ളാർമല സ്കൂളിന് പുതിയ കെട്ടിടം നിർമിക്കും

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കും. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. 

09:46 AM (IST) Aug 01

അനാവശ്യ യാത്രക്കാരെ തടയുമെന്ന് അറിയിപ്പ്

വയനാട്ടിൽ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.