വയനാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. തിരിച്ചടിയിൽ കടുത്ത അതൃപ്തിയിൽ വയനാട്ടിലെ സിപിഐ നേതൃത്വം.  പ്രചാരണ റാലികളിൽ സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞുവെന്ന് വിലയിരുത്തൽ.

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയ്ക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. തിരിച്ചടിയിൽ കടുത്ത അതൃപ്തിയിലാണ് വയനാട്ടിലെ സിപിഐ നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയിൽ പോലും പങ്കെടുത്തത് പകുതിയിൽ താഴെ ആളുകളാണെന്നും സിപിഐ വിലയിരുത്തുന്നു.

സിപിഎം നേതാക്കള്‍ തെരഞ്ഞെടുപ്പിൽ കാര്യമായ പ്രചാരണത്തിന് ഇറങ്ങാതിരുന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിച്ചുവെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഗൃഹസമ്പർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്. സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ വിലയിരുത്തുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നൽകിയില്ലെന്ന വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മയിൽ സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കും അതൃപ്തിയുണ്ട്. 

2014 ൽ 3.56 ലക്ഷം റെക്കോർഡ് വോട്ട് പിടിച്ച് യുഡിഎഫിനെ വിറപ്പിച്ച അതേ സത്യൻ മൊകേരിയാണ് ഇത്തവണ 2.11 ലക്ഷം വോട്ട് മാത്രം നേടി കനത്ത പരാജയം ഏറ്റുവാങ്ങിയത്. ഇത്രയും വലിയ തോൽവിക്കുള്ള കാരണം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മ തന്നെയാണെന്നാണ് സിപിഐ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധി വയനാട് ഇളക്കി മറിച്ച് പ്രചാരണം നടത്തിയപ്പോൾ യുഡിഎഫിനോട് നേരിട്ട് ഏറ്റുമുട്ടുന്ന എൽഡിഎഫിന്‍റെ പ്രചാരണം നടന്നത് പേരിന് മാത്രാണ്. 

സിപിഎം സ്വാധീന മേഖലകളിൽ പോലും ശക്തിതെളിയിക്കുന്ന പ്രചാരണം ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തിയപ്പോള്‍ കണക്കുകൂട്ടിയതിലും പകുതിയിൽ താഴെ പ്രവർത്തകരാണ് പങ്കെടുത്തത്. സിപിഎം പാർട്ടി സമ്മേളനം നടക്കുന്നതിനിടെയുള്ള തെരഞ്ഞെടുപ്പ് മുന്നണിക്ക് കരുത്ത് പകരുമെന്ന് കരുതിയെങ്കിലും പ്രകടനത്തിൽ അത് പാടെ തെറ്റി. പി ജയരാജൻ തുടരെ പ്രചരണത്തിനെത്തിയപ്പോള്‍ സ്വാധീനമുള്ള സംസ്ഥാനനേതാക്കളാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചില്ല.

യുഡിഎഫ് രണ്ടും മൂന്നും തവണ ഗൃഹസമ്പര്‍ക്കം നടത്തിയപ്പോള്‍ എൽഡിഎഫ് അവസരത്തിനൊത്ത് ഉയർന്നില്ലെന്നാണ് സിപിഐ വിലയിരുത്തുന്നത്. യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലത്തിൽ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന ആത്മവിമർശനമാണ് മുന്നണി നേതാക്കൾ പങ്കുവെക്കുന്നത്. ഗൃഹസമ്പര്‍ക്കം കുറഞ്ഞതും പ്രചാരണം തീരെ നിറം മങ്ങിയതുമെല്ലാം ആണ് വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് എൽഡിഎഫിനെ നയിച്ചത്.

പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് വിലയിരുത്തൽ; പാലക്കാട്ടെ പ്രചാരണ തന്ത്രങ്ങൾ പരിശോധിക്കാൻ സിപിഎം

വയനാട് തെരഞ്ഞെടുപ്പിന് പിന്നാലെ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി