കൽപ്പറ്റ: സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചതോടെ മെഡിക്കല്‍ കോളേജിനെ ചൊല്ലി വയനാട്ടില്‍ രാഷ്ട്രീയ പോര് തുടങ്ങി. മെഡിക്കല്‍ കോളേജ് തുടങ്ങാത്തതിനെതിരെ യുഡിഎഫും ബിജെപിയും പ്രത്യേക പ്രചരണത്തിനോരുങ്ങുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ തയാറെടുക്കുകയാണ് ഇടതുമുന്നണി. ഒരാഴ്ച്ചക്കുള്ളില്‍ ഭൂമി കണ്ടെത്തി വേഗത്തില്‍ തറക്കല്ലിട്ട് പ്രശ്നം പരിഹരിക്കാനാണ് ഇടത് നീക്കം.

വയനാട് മെഡിക്കല്‍ കോളേജിനായി തുടക്കത്തില്‍ മടക്കിമലയില്‍ ഭൂമി കണ്ടെത്തി തറക്കല്ലിട്ടു. പിന്നിട് പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാടി അതുപേക്ഷിച്ച് ചൂണ്ടേല്‍ തോട്ടഭൂമി കണ്ടെത്തി. അതില്‍ തീരുമാനമകും മുമ്പെ  മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള ശ്രമം തുടങ്ങി. ഒടുവില്‍ അതും വേണ്ടെന്നുവെച്ചു.  

മെഡിക്കല്‍ കോളേജ് എവിടെയെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതോടെ ഈ  വിഷയം ജനങ്ങളിലെത്തിക്കാന്‍ പ്രത്യേക പ്രചരണം തുടങ്ങാനോരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെപിയും. യുത്ത് ലീഗ് തിങ്കളാഴ്ച്ച കളക്ട്രേറ്റ് മാര‍്ച്ച്  പ്രഖ്യാപിച്ചു. എല്ലാവരുടെയും ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് .

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പെ പുതിയ മെഡിക്കല്‍ കോളേജിന് തറക്കില്ലിടാനുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി. വൈത്തിരി ചുണ്ടേല്‍  കണ്ടെത്തിയ തോട്ടഭൂമിയില്‍ തന്നെ മെഡിക്കല്‍ കേളേജ് തുടങ്ങണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അതേസമയം  ജില്ലാ ആശുപത്രി സ്ഥിതിചെയുന്ന മാനന്തവാടിക്കു വേണ്ടിയും ഒരുവിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്.