മാനന്തവാടി: വയനാട്ടിൽ സമ്പര്‍ക്ക വിവരം മറച്ചുവയ്ക്കുന്നുവെന്ന നിഗമനത്തെ തുടര്‍ന്ന്  ചില രോഗികളെ പൊലീസ് ചോദ്യം ചെയ്യും. എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഇന്നു മുതൽ നടപടികള്‍ തുടങ്ങും.

ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള ചില രോഗികൾ സുപ്രധാന സമ്പര്‍ക്ക വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റ നിഗമനം. ഈ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്ത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ഒരു വനിതാ ഉദ്യോഗസ്ഥയുമടങ്ങുന്ന പ്രത്യേക സംഘം രോഗികളെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ചോദ്യം ചെയ്യുക. 

ഇതു കൂടാതെ ജില്ലയിലെ ഒരോ രോഗിയുടെയും സഞ്ചാര പാത പോലീസും തയാറാക്കും. ഇതുവഴി ആരോഗ്യ വകുപ്പിന് ലഭിക്കാത്ത സന്പർക്ക വിവരങ്ങൾകൂടി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ സമ്പര്‍ക്ക വിലക്ക് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും പ്രത്യേക വിഭാഗം പ്രവർത്തിക്കും. രോഗിയുടെ ബന്ധുക്കളെയും കൂട്ടുകാരെയുമടക്കം തുടർച്ചയായി നിരീക്ഷിക്കാനും രഹസ്യാന്വേഷണ സേനാംഗങ്ങളെയടക്കം ഉൾപ്പെടുത്തിയുള്ള പ്രത്യേക സംഘം ഇന്നുമുതല്‍ പ്രവർത്തിക്കും. 

കണ്ടെയിന്‍മെന്‍റ് സോണില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ അവശ്യസാധനങ്ങൾ എത്തിച്ചുനല്‍കാനും പ്രത്യേക വാട്സ് ആപ്പ് നമ്പര്‍ വഴി സംവിധാനമൊരുക്കും. പതിവുപോലെ അതിർത്തിയിലടക്കം ശക്തമായ പരിശോധന തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.