ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചതായി ആരോപണം. കഴിഞ്ഞയാഴ്ച ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് സംഭവം.

വയനാട്: എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയിൽ കയ്യാങ്കളി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചതായി ആരോപണം. കഴിഞ്ഞയാഴ്ച ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് സംഭവം.

പുൽപള്ളി പഴശ്ശിരാജ കോളേജ് മാസ്സ് കമ്മ്യൂണിക്കേഷൻ മൂന്നാം വർഷ വിദ്യാർത്ഥിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സായന്തിനെ പാർട്ടി ഓഫീസിനുള്ളിൽ വെച്ച് മൈക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം. മർദന വിവരം അറിയിച്ച് സായന്ത്‌ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് പിന്നീട് പിൻവലിച്ചു. എന്നാൽ മുൻ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പടെയുള്ള മുൻ എസ്എഫ്ഐ പ്രവർത്തകർ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചതോടെ വിഷയം കൂടുതൽ ചർച്ചയായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് കയ്യാങ്കളിയിൽ കലാശിച്ചത് എന്നാണ് വിവരം. വിഷയം പുറത്ത് അറിഞ്ഞതോടെ സംഭവത്തിൽ സിപിഎം നേതൃത്വം ഇരുവിഭാഗത്തെയും ചർച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും പാർട്ടിക്ക് പുറത്ത് നിൽക്കുന്നവരാണ് വിവാദം ഉണ്ടാക്കുന്നതെന്നുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശിന്റെ വിശദീകരണം.