രഞ്ജിത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളില്‍ തസ്തിക ഉറപ്പാക്കാന്‍ മറ്റ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ടിസിയും ഉപയോഗിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നു. കുട്ടികളുടെ എണ്ണം നിര്‍ണയിക്കുന്ന ആറാം പ്രവര്‍ത്തി ദിനത്തിന് ശേഷം അധ്യാപകര്‍ വിളിച്ചപ്പോഴാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയുന്നത്. 

വയനാട്‍: സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന്‍ രഞ്ജിതിന് എയ്ജഡ് സ്കൂളില്‍ നിയമനം ഉറപ്പാക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. രഞ്ജിത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളില്‍ തസ്തിക ഉറപ്പാക്കാന്‍ മറ്റ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ടിസിയും ഉപയോഗിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നു. കുട്ടികളുടെ എണ്ണം നിര്‍ണയിക്കുന്ന ആറാം പ്രവര്‍ത്തി ദിനത്തിന് ശേഷം അധ്യാപകര്‍ വിളിച്ചപ്പോഴാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയുന്നത്. 

എയ്ഡഡ് സ്ഥാപനങ്ങളില്‍ തസ്തികകള്‍ സൃഷ്ടിക്കാനും അവ നിലനിര്‍ത്താനുമായി മാനേജ്മെന്‍റുകള്‍ പരസ്പര ധാരണയോടെ നടപ്പാക്കുന്ന ഒരു തട്ടിപ്പാണ് വ്യാജ ടിസി. അതായത് കുട്ടികള്‍ ഒരു സ്കൂളില്‍ പഠിക്കുമ്പോള്‍ മറ്റൊരു സ്കൂളില്‍ കുട്ടികളുടെ പേരിലുളള വ്യാജ ടിസിയും പഠിക്കുന്നുണ്ടാകും. രാഷ്ട്രീയ സ്വാധീനത്താല്‍ നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ച വെളളമുണ്ട എയുപി സ്കൂളിലും ഇതേ തട്ടിപ്പ് നടന്നു എന്നതിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്. 

ബെംഗളൂരുവില്‍ സ്ഥിര താമസക്കാരനായ തരുവണ സ്വദേശി ബഷീര്‍ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് മകന്‍ മുഹമ്മദ് ഹിദാഷിനെ ബെംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ ചേര്‍ക്കാനായി തരുവണ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ടിസി വാങ്ങിയത്. തരുവണ സര്‍ക്കാര്‍ സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഹിദാഷ്. ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ മകനെ ചേര്‍ത്തതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന്‍ രഞ്ജിത് ജോലി ചെയ്യുന്ന വെളളമുണ്ട എയുപി സ്കൂളില്‍ നിന്ന് ബഷീറിന് വിളിയെത്തി. അഡ്മിഷന്‍ എടുത്തിട്ടും കുട്ടിയെ എന്തുകൊണ്ട് സ്കൂളില്‍ വിടുന്നില്ലെന്നായിരുന്നു അധ്യാപകരുടെ ചോദ്യം. അപ്പോഴാണ് മകന്‍റെ പേരില്‍ മറ്റൊരു ടിസി വെളളമുണ്ട എയുപി സ്കൂളിലെത്തിയ കാര്യം ബഷീര്‍ അറിയുന്നത്. 

YouTube video player

ഗഗാറിന്‍റെ മകന്‍ പി ജി രഞ്ജിത് പ്രധാനമായും ക്ളാസ് എടുക്കുന്ന ആറാം ക്ലാസിലേക്കായിരുന്നു മുഹമ്മദ് ഹിദാഷിന്‍റെ ടിസിയും എത്തിയത്. മുഹമ്മദ് ഹിദാഷിന് തരുവണ സ്കൂളില്‍ നിന്ന് ടിസി അനുവദിച്ചതും ആറാം പ്രവര്‍ത്തി ദിനത്തിലായിരുന്നു. അതായത് വിദ്യാഭ്യാസ വകുപ്പിന്‍റെ സമ്പൂര്‍ണ വെബ്സൈറ്റ് എഇഓ ഓഫീസ് ഇടപെട്ട് റീസെറ്റ് ചെയ്ത് നാല് കുട്ടികള്‍ക്ക് വെളളമുണ്ട സ്കൂളിലേക്ക് ടിസി നല്‍കിയ അതേ ദിവസം തന്നെയാണ്. കുട്ടികളില്ലാതെ ടിസി മാത്രം എത്തുന്ന രീതിയെ വെളളമുണ്ട എയുപി സ്കൂളിലെ ചില അധ്യാപകര്‍ തുറന്നെതിര്‍ത്തിരുന്നു. എതിര്‍പ്പുന്നയിച്ച അധ്യാപകരുടെ ക്ളാസുകളില്‍ നിന്ന് ആളില്ലാ ടിസികള്‍ മറ്റു ക്ളാസുകളിലേക്ക് പ്രധാന അധ്യാപിക മാറ്റുകയും ചെയ്തു. സ്കൂള്‍ മാനജര്‍ മുരളീധരന്‍റെ ഭാര്യ പി ജ്യോതിയാണ് നിലവില്‍ പ്രധാന അധ്യാപിക.