കൽപ്പറ്റ: വയനാട് തവിഞ്ഞാൽ വാളാട്  കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന പ്രദേശത്ത് ആകെ കൊവിഡ് പോസിറ്റീവ് കേസുകൾ 91 ആയി ഉയർന്നു. 250 പേരിൽ നടത്തിയ പരിശോധനയിലാണ് 91 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിൽ മാത്രം പോസിറ്റീവ് ആയത് 41 പേരാണ്. ഇന്നും പരിശോധന തുടരുകയാണ്. 

വയനാട് ജില്ലയിലെ വലിയ കൊവിഡ് ക്ലസ്റ്റർ ആയ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട്, സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേർക്ക് രോഗബാധയുണ്ടായത്. വാളാട് മരണാന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവർക്കും ബന്ധുക്കൾക്കുമാണ് ഇവരുമായി ബന്ധപ്പെട്ടവർക്കുമാണ് രോഗബാധ. തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളും നിയന്ത്രിത മേഖലയാണ്. 

അതേ സമയം കൂടുതൽ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള രണ്ടു ചുരങ്ങളിൽ ഗതാഗത നിയന്ത്രണമേർപ്പെട്ടുത്തിയതായി ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുല്ല അറിയിച്ചു. പേര്യ ചുരം, പക്രംതളം ചുരം എന്നിവിടങ്ങളിൽ ചരക്കുവാഹനങ്ങൾക്ക് മാത്രമാണ് അനുമതി.