ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ആവശ്യപ്പെട്ടു.

ദില്ലി: വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്‍റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നാണ് വാദം. ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ 2013ലെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ആവശ്യം ഉന്നയിച്ചു. 

ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി 26 കോടി രൂപയാണ് സർക്കാർ നിശ്ചയിച്ചതെന്നും എന്നാൽ തറവില കണക്കാക്കിയാൽ പോലും 519 കോടിയുടെ മൂല്യമുണ്ടെന്നുമാണ് എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ വാദം. എസ്റ്റേറ്റ് ഏറ്റെടുത്തതായി എൽസ്റ്റണിൽ കഴിഞ്ഞയാഴ്ച കളക്ടർ നോട്ടീസ് പതിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നടപടി. 64.4705 ഹെക്ടർ ഭൂമിയാണ് ദുരന്ത നിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്. 

പിന്നാലെ സർക്കാർ ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെന്‍റിൽ 1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. 

വീടുകൾക്ക് പുറമെ പൊതുസ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര - വാണിജ്യ സൗകര്യങ്ങള്‍ എന്നിവ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടത്തുക. കിഫ്‌കോണ്‍ കണ്‍സള്‍ട്ടന്‍റ് ഏജന്‍സിയായി പ്രവര്‍ത്തിക്കും. 

'ആ കുഞ്ഞുമുഖം മനസ്സിൽ നിന്ന് പോകുന്നില്ല, ഒരുതവണ ഞങ്ങളെ വന്നുകണ്ടിരുന്നെങ്കിൽ...': ഏറ്റുമാനൂർ എസ്എച്ച്ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം