'വരുമെന്ന് പറഞ്ഞത് കൊണ്ട് ക്ഷണിച്ചു, വരില്ലെന്നറിയാമായിരുന്നു'; മുസ്ലിം ലീഗ് നിലപാടിൽ മുഖ്യമന്ത്രിയുടെ മറുപടി
നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ ഇടതുപക്ഷത്തിന് നിഷ്പക്ഷതയില്ലെന്നും പലസ്തീനൊപ്പമാണെന്നും പിണറായി വിജയൻ

കോഴിക്കോട് : കോഴിക്കോട്ടെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്നും വിട്ടുനിൽക്കുന്ന മുസ്ലിംലീഗിനെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ വേർതിരിവില്ലാതെ, മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിത്. ഞങ്ങളെ വിളിച്ചാൽ വരുമെന്ന് ചിലർ പറഞ്ഞു. ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞത് കൊണ്ടാണ് ക്ഷണിച്ചത്. അവർ വരില്ലെന്ന് അറിയാമായിരുന്നുവെന്നാണ് മുസ്ലിംലീഗ് റാലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം. എന്നും പലസ്തീന് ഒപ്പമാണ് സിപി എം.ഇതിൽ നിലപാട് സ്വീകരിക്കാൻ പറ്റാത്ത ചിലരുണ്ട്. ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ ഇടതു പക്ഷത്തിന് നിഷ്പക്ഷതയില്ലെന്നും പലസ്തീനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീൻ നിലപാടിന് ഒപ്പമായിരുന്നു. ചേരി ചേരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്ക് ഉണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്ന് വന്നു. പാലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചുള്ളൂ.
ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലക്ക് നമ്മൾ കണ്ടിരുന്നില്ല. നെഹ്‌റുവാണ് ആ നിലപാടിന് തുടക്കം കുറിച്ചത്. ഇസ്രായേലുമായി ഇന്ത്യ ബന്ധം പുലർത്തിയില്ല. അന്നും ഇന്നും ഇസ്രായേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണ്. ദശാബ്ദങ്ങൾക്ക് മുൻപാണ് നമ്മളുടെ നയത്തിൽ വെള്ളം ചേർത്തത്. നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണിത്. അമേരിക്കൻ സമ്മർദ്ദത്തിനു കീഴ്പ്പെടുകയായിരുന്നു ഇന്ത്യയെന്നും അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റിയെന്നും പിണറായി കുറ്റപ്പെടുത്തി.