'സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയിൽ'

തിരുവനന്തപുരം : സംസ്ഥാനത്തിന്റെഅർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ളതാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകി. സിൽവർ ലൈൻ സമരക്കാരുടെ പേരിലുളള കേസുകൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി
അറിയിച്ചു.

അനുമതി വൈകുന്നതിൽ കേന്ദ്രത്തെ വിമ‍ര്‍ശിച്ചാണ് മുഖ്യമന്ത്രി സഭയിൽ സംസാരിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ് സിൽവ‍ര്‍ലൈനെന്നും പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് അടക്കമുള്ള നൂതന സർവെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അനുമതി ലഭിക്കുമെന്ന സൂചനയായിരുന്നു കേന്ദ്രത്തിൽ നിന്നും ആദ്യം ലഭിച്ചിരുന്നത്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാ കാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഭാവിയിൽ ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി സഭയിൽ പറഞ്ഞു. 

read more ഇപിക്കെതിരായ വധശ്രമക്കേസ്: യൂത്ത് കോണ്‍ഗ്രസുകാർ നാളെ കൊല്ലത്ത് മൊഴി നൽകും,യാത്രക്ക് സംരക്ഷണം വേണമെന്നാവശ്യം

'കേരളത്തിന് അർദ്ധ അതിവേഗ റെയിൽ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സിൽവർ ലൈനെന്നോ കെ റെയിൽ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്നമില്ല. നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനം ഒരു അർദ്ധ അതിവേഗ റെയിൽ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. പദ്ധതിക്കുള്ള പണി കേന്ദ്രം ഏറ്റെടുക്കുകയാണെങ്കിൽ സന്തോഷമാണ്. സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിൻ വേണമെന്ന് മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായ സമരത്തിൽ ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചുവെന്നതിനാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്'. ഈ കേസുകൾ പിൻവലിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും പിണറായി വിശദീകരിച്ചു. 

 read more സാമ്പത്തിക ക്രമക്കേടിന് പുറത്താക്കിയ ആളെ തിരിച്ചെടുത്ത് എൽഡിഎഫ് ബാങ്ക് ഭരണസമിതി,സംഭവം അറയ്ക്കൽ സഹകരണ ബാങ്കിൽ