Asianet News MalayalamAsianet News Malayalam

മരിച്ചവര്‍ക്കും പെന്‍ഷന്‍; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ വൻ ക്രമക്കേട്

ഓഡിറ്റ് വിഭാഗം നടത്തിയ റാണ്ടം പരിശോധനയിൽ കഴിഞ്ഞ കാലങ്ങളിൽ മരിച്ച 40 പേരിൽ 25 പേർക്കും പെൻഷൻ നൽകിയെന്നാണ് രേഖ. 

Welfare pension distribution fraud in palakkad melarkkod panchayath
Author
Palakkad, First Published Jan 28, 2022, 11:33 AM IST

പാലക്കാട്: സിപിഎം (CPM) ഭരിക്കുന്ന പാലക്കാട് മേലാർകോട് പഞ്ചായത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ (Social Welfare pension) വിതരണത്തിൽ വൻ ക്രമക്കേടെന്ന് (Pension Fraud ) കണ്ടെത്തൽ. മരിച്ച നിരവധി ആളുകളുടെ പേരിൽ പെൻഷൻ വിതരണം നടത്തി ചിലർ ലക്ഷങ്ങൾ തട്ടിയെത്തതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും (Congress) ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. 

മേലാർകോട് പഞ്ചായത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് 2019 മുതൽ 2021 വരെയുള്ള സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് മരിച്ചവരുടെ പേരിൽ വരെ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്തുവെന്നും പഞ്ചായത്തിലെ രേഖകളിൽ പറയുന്നു. 

ഓഡിറ്റ് വിഭാഗം നടത്തിയ റാണ്ടം പരിശോധനയിൽ കഴിഞ്ഞ കാലങ്ങളിൽ മരിച്ച 40 പേരിൽ 25 പേർക്കും പെൻഷൻ നൽകിയെന്നാണ് രേഖ. പക്ഷേ ഇക്കാര്യം മരിച്ചവരുടെ ബന്ധുക്കൾ പോലും അറിഞ്ഞിട്ടില്ലെന്നും സിപിഎം നേതൃത്വമാണ് അഴിമതിക്ക് പിന്നിലെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. പെൻഷൻ ഡാറ്റാബേസ് പരിശോധന നടത്തി അനർഹരെ ഒഴിവാക്കണമെന്നും, സർക്കാറിന് ഉണ്ടായ വലിയ നഷ്ടം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഓഡിറ്റ് ഓഫീസർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക്‌ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

എന്നാൽ ഓഡിറ്റിലെ കണ്ടെത്തലുകൾ ശരിയല്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. മരിച്ച മൂന്ന് പേരുടെ പേരിൽ പെൻഷൻ നൽകിയത് മാത്രമാണ് പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വീഴ്ച്ച. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തീരുമാനം.

Follow Us:
Download App:
  • android
  • ios