കൊച്ചി: വല്ലാര്‍പ്പാടം ടെര്‍മിനലിന്‍റെ റെയില്‍പാതക്കായി കുടിയൊഴിപ്പിച്ചവരോട് സംസ്ഥാന ഭരണകൂടം കാട്ടിയത് കൊടിയ വഞ്ചന. തുതിയൂരിലെ ആദര്‍ശ് നഗറില്‍ 56 കുടുംബങ്ങള്‍ക്ക് നല്‍കിയത് ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ നിലം. ഈ  ഭൂമിയില്‍ നിര്‍മ്മിച്ച രണ്ട് വീടുകളും താമസം തുടങ്ങും മുമ്പേ ചരിയുകയും വീടുകള്‍ താഴുകയും ചെയ്തു. പിന്നീട് ഒരു കുടുബം പോലും പേടിച്ച് ഇവിടെ വീട് വെക്കാന്‍ ധൈര്യപ്പെട്ടില്ല. മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് രണ്ട് നില കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ എ ക്ലാസ് സ്ഥലം അനുവദിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 

എന്നാല്‍ കോടതി ഉത്തരവിന് സര്‍ക്കാര്‍ പുല്ലുവില പോലും നല്‍കിയില്ല എന്നതിന് ഉദാഹരണമാണ് 56 കുടുംബങ്ങള്‍ക്ക് അനുവദിച്ച തുതിയൂര്  ആദര്‍ശ് നഗറിലെ ഭൂമി. കാക്കാനാട്ട് നിന്ന് നാല് കിലോമീറ്റര്‍ മീറ്റര്‍ സഞ്ചരിച്ചാല്‍ തുതിയൂരിലെ ആദര്‍ശ് നഗറിലെത്തും. പോണേക്കര സ്വദേശി രാജേഷ് കുമാറിന്‍റെ വീടാണ് ആദ്യകാഴ്ച. താമസം തുടങ്ങുന്നതിന് മുമ്പേ രാജേഷിന്‍റെ ബഹുനില കെട്ടിടം 40 സെന്‍റിമീറ്റര്‍ ചരിഞ്ഞ് കെട്ടിടം താഴ്‍ന്നു. തൊട്ടുചേര്‍ന്ന് വീട് വെച്ച വിദ്യാധരന്‍റെ അവസ്ഥയും ഇത് തന്നെ . കുടിയൊഴിപ്പിക്കുന്നവര്‍ക്ക് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. 

എന്നാല്‍ ഈ പ്ലോട്ടിലേക്കുള്ള റോഡ് വെറും ചെളിക്കുണ്ടാണ്. മഴ അല്‍പ്പം കനത്താല്‍ പിന്നെ വീട്ടിലിരിക്കനാവില്ല. മക്കളേയും കൊണ്ട് അടുത്തുള്ള  ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറണം. വീടുകള്‍ക്ക് അടിത്തറ നിര്‍മ്മിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഏന്നാല്‍ സര്‍ക്കാര്‍ അനുവദിച്ചത് 75,000 രൂപ മാത്രമാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വീട് മൊത്തം പൊക്കി അടിത്തറ ഉറപ്പിച്ചാലേ ഇവിടെ ശാശ്വതമായി താമസിക്കാനാകു. പക്ഷെ ഇതിന് 20 ലക്ഷം രൂപയെങ്കിലും ചിലവ് വരും. നിര്‍മ്മിച്ച രണ്ടു വീടുകളും താഴ്ന്നതോടെ ബാക്കിയുള്ള  ഒരു കുടുംബവും ഇവിടെ  വീട് വെക്കാന്‍ തുനിഞ്ഞില്ല. മിക്കവരും കഴിയുന്നത് വാടകവീടുകളിലാണ് .