അന്ന് തൃശൂർ പൂരത്തിനിടെ എന്താണ് സംഭവിച്ചത്? എഡിജിപി പൂരം കലക്കിയോ, അൻവറിന്റെ ആരോപണത്തിന് പിന്നിലെ കാരണങ്ങൾ
പ്രതിസന്ധിയെ തുടർന്ന് തിരുവമ്പാടിയുടെ രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം.
തൃശൂർ: നിലമ്പൂർ എംഎൽഎ പി വി അൻവർ എഡിജിപി അജിത് കുമാറിനെതിരെ ആരോപിച്ച പ്രധാന ആരോപണങ്ങളിലൊന്നാണ് കഴിഞ്ഞ തൃശൂർ പൂരം കലക്കി ബിജെപിയെ സഹായിച്ചുവെന്നത്. തൃശൂർ പൂരത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടലുണ്ടായെന്ന് സർക്കാറും സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് അന്വേഷണത്തിനൊടുവിൽ അന്നത്തെ എസ്പി അങ്കിത് അശോകിനെ സ്ഥലം മാറ്റിയതും.
അന്ന് എന്താണ് തൃശൂർ പൂരത്തിനിടെ സംഭവിച്ചത്
ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയ വിശദീകരണം.
ഏപ്രിൽ 19ന് രാത്രിയാണ് പൂരത്തിനിടെ പൊലീസിൽനിന്ന് അസ്വാഭാവിക ഇടപെടൽ ഉണ്ടായത്. രാത്രി പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പൊലീസും ദേവസ്വം ഭാരവാഹികളും അസ്വാരസ്യമുണ്ടായി. പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ഇരു ദേവസ്വങ്ങളും വെടിക്കെട്ടിനില്ലെന്ന് പ്രഖ്യാപിച്ചു. അങ്ങനെ പുലർച്ച രണ്ടിന് നടക്കേണ്ട വെടിക്കെട്ട് അരങ്ങേറിയത് രാവിലെ ഏഴിന്. തർക്കത്തിനിടയിലേക്ക് ആംബുലൻസിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി സംഘവും എത്തി. സംഭവസമയത്ത് എ.ഡി.ജി.പി നഗരത്തിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ആരോപണമുയർന്നു. വിവാദത്തിന് പിന്നാലെ, സംഭവം അന്വേഷിച്ചതും എ.ഡി.ജി.പി അജിത് കുമാർ തന്നെ. വെടിക്കെട്ടിന്റെ പേരില്‍ ചരിത്രത്തിലാദ്യമായാണ് പൂരം പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചത്. ഇതു വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ഭാരവാഹികൾ ആരോപിച്ചു. പുലര്‍ച്ചെ രണ്ടുവരെ ബാരിക്കേഡ് സ്ഥാപിച്ച് റോഡുകള്‍ അടയ്ക്കില്ലെന്നു പറഞ്ഞ പൊലീസ് സ്വരാജ് റൗണ്ടിലേക്കുള്ള 19 ഇടറോഡുകളും രാത്രി വളരെ നേരത്തെ അടച്ചുകെട്ടി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഭാരവാഹികൾ ആരോപിച്ചു.
സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിച്ചു. തുടർന്ന് തിരുവമ്പാടിയുടെ രാത്രി എഴുന്നളളിപ്പ് നിർത്തിവെച്ചു. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു.
പ്രതിസന്ധിയെ തുടർന്ന് തിരുവമ്പാടിയുടെ രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പൂര പറമ്പിൽ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പൊലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.