നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് രണ്ട് പ്രമുഖരുടെ പ്രവചനങ്ങൾ പുറത്ത്. എൻ എസ് മാധവൻ എൽഡിഎഫിന് നേരിയ ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, മുൻപ് കൃത്യമായ പ്രവചനങ്ങൾ നടത്തിയ സി പി റാഷിദ് യുഡിഎഫിന് വൻ വിജയം പ്രവചിക്കുന്നു. റാഷിദിന്റെ അഭിപ്രായത്തിൽ, ന്യൂനപക്ഷ വോട്ടുകളുടെ മാറ്റവും ഭരണവിരുദ്ധ വികാരവും യുഡിഎഫിന് അനുകൂലമാകും.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ആര് വിജയം നേടുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ എസ് മാധവൻ. എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. എൽഡിഎഫ് 75 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നും യുഡിഎഫ് 65 സീറ്റുകൾ നേടുമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം പ്രവചിച്ചിരുന്നു. ഭരണ വിരുദ്ധ വികാരം നേരിയ തോതിലേയുള്ളൂവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 0-3 സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രീ പോൾ പ്രവചനം. വോട്ടെടുപ്പിന് ശേഷം ജില്ല തിരിച്ചുള്ള പ്രവചനമുണ്ടാകുമെന്നും എൻ എസ് മാധവൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രവചനം എന്താണെന്ന് ഒരു ഉപയോക്താവ് ചോദിച്ചപ്പോൾ പ്രീ പോളിൽ പറഞ്ഞത് തന്നെയാകുമെന്നാണ് എൻ എസ് മാധവൻ മറുപടി കൊടുത്തത്.

റാഷിദിന്‍റെ ഇത്തവണത്തെ പ്രവചനം

യുഡിഎഫ് 91 മുതൽ 102 സീറ്റ് വരെ നേടുമെന്നാണ് മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയിട്ടുള്ള സി പി റാഷിദിന്‍റെ പ്രവചനം. എൽഡിഎഫ് 38 മുതൽ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പറയുന്നു. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു. 2001ന് ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്‍റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ രാഷ്ട്രീയ ട്രെൻഡ് കൃത്യമായി പ്രവചിച്ചയാളാണ് റാഷിദ്. പുറത്തു വന്ന ഒരു സർവ്വേയിലും തനിക്ക് വിശ്വാസമില്ലെന്നും പോളിങ് കഴിഞ്ഞാൽ, നമ്പറുകൾ പുറത്തു വിടുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. തന്‍റെ രാഷ്ട്രീയം, ഒരു തരത്തിലും ഇതിൽ കലർത്തില്ലെന്നും സത്യസന്ധത പുലർത്തുമെന്നുമാണ് ഇദ്ദേഹം നേരത്തെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുഡിഎഫിന് വമ്പൻ ജയം പ്രവചിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരികയെന്ന് അദ്ദേഹം പ്രവചിച്ചത്. മുൻപ് താൻ നടത്തിയ മഹാഭൂരിപക്ഷം സർവേ ഫലങ്ങളും ശരിയായത് പോലെ ഇതും ശരിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.