കണ്ണൂര്‍: കണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ ജീവൻ പണയം വെച്ചും പങ്കെടുത്തവരെ ആദരിക്കുന്നതായിരുന്നു പരിപാടി. കണ്ണൂർ കളക്ടറേറ്റിലെ ഹാൾ തിങ്ങി നിറഞ്ഞ് മത്സ്യത്തൊഴിലാളികളും സാധാരണക്കാരും അടക്കമുള്ളവർ.  പതിവ് പൊതുപരിപാടികളുടെ ഗൗരവം മാറിനിന്ന അന്തരീക്ഷം.  വേദിയിൽ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെകെ ശൈലജ, ഇപി ജയരാജൻ എന്നിവർക്കൊപ്പം കൃത്യസമയത്ത് തന്നെ മുഖ്യമന്ത്രി എത്തിയിരുന്നു. 

മുഖ്യമന്ത്രിയും നല്ല മൂഡിൽ.  ഇതിനിടയിലാണ് മധ്യവയസ്സ് പിന്നിട്ട, നന്നായി വസ്ത്രം ധരിച്ച സ്ത്രീ സ്റ്റേജിലെത്തുന്നത്. ഇ.പി ജയരാജനോട് എന്തോ സംസാരിച്ച ശേഷം അവർ മുഖ്യമന്ത്രിയോട് കൈ പിടിച്ചായി സംസാരം. പൊതുവേ ദീർഘനേരമുള്ള ഹസ്തദാനം, ദേഹത്ത് തട്ടിയുള്ള പ്രകടനങ്ങളോടൊക്കെ മുഖ്യമന്ത്രി അലോസരം പ്രകടിപ്പിക്കുന്നത് നാം നേരത്തെയും കണ്ടതാണ്.

പക്ഷെ പതിവ് ഗൗരവമില്ലാതെ നിറഞ്ഞ ചിരിയോടെ സംസാരിച്ച മുഖ്യമന്ത്രി ആദ്യം അവർ പറഞ്ഞതിനോടെല്ലാം തലയാട്ടി ചിരിച്ച് മറുപടി പറഞ്ഞു.  കൈപിടിച്ച് സംസാരം തുടർന്ന അവരോട് തല കുലുക്കി, സദസിൽ  പോയിരിക്കാനും പറയുന്നുണ്ടായിരുന്നു.  പൊടുന്നനെ അവരുടെ സംസാര രീതി മാറി പരാതിയുടെ സ്വരത്തിലായി. ശബ്ദം കടുത്ത് ക്ഷോഭവുമായി. 

ഇതോടെ മുഖ്യമന്ത്രി അമ്പരക്കുന്നത് വീഡിയോയിൽ കാണാം. ശേഷം ‘ഒന്നും ചെയ്യില്ല’ എന്ന് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് വിരൽ ചൂണ്ടി പറയുകയും ചെയ്തതോടെയാണ് കൈ വലിച്ചെടുത്ത ശേഷം അവിടെ പോയിരിക്ക് എന്ന് മുഖ്യമന്ത്രി ശബ്ദമുയർത്തി വീണ്ടും പറയുന്നതും, അവർ വേദി വിട്ട് പോകുന്നതും. ഈ സമയത്തെല്ലാം ഇത് ശ്രദ്ധിക്കുന്ന  മന്ത്രി ഇപി ജയരാജനും മുഖ്യമന്ത്രിയിൽ നിന്നും ഇവരുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 

ഏതായാലും ഈ സംഭവത്തിന് ശേഷം സദസ്സിൽ വെച്ചും ഇവർ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു.  പൊലീസുകാർ കൂടെ നിന്ന് ഇവരെ അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഉച്ചത്തിൽ സംസാരം തുടരുമ്പോഴും ഇവരെ അവിടെ നിന്ന് മാറ്റാനോ പുറത്താക്കാനോ ശ്രമം നടന്നിട്ടുമില്ല.  ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടനവും പ്രസംഗവും രക്ഷാപ്രവർത്തകരെ ആദരിക്കലും, ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കൈമാറലും എല്ലാം തടസം കൂടാതെ നടന്നു.  

അവരാകട്ടെ കൂടെയുള്ള പൊലീസുകാരുമായി അപ്പഴേക്കും നല്ല ചങ്ങാത്തത്തിലായിരുന്നു. പരിപാടി തീരുംവരെ അവർ സദസ്സിൽ തന്നെയുണ്ടായിരുന്നു.  സുരക്ഷാ വീഴ്ച്ചയെന്ന് പരാതി ഉയരാമെങ്കിലും പ്രളയ ദുരിതാശ്വാസം പോലൊരു പരിപാടിയായതിനാലാണ് സ്വാഭാവികമായി ഉയരുന്ന ആവലാതികൾ കണക്കിലെടുത്ത് ഇവരെ വേദിയിൽ കയറാനനുവദിച്ചതെന്ന് പൊലീസ് പറയുന്നു.  മാത്രവുമല്ല ഇവർ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും  പൊലീസ് പറയുന്നു. പിന്നീട് പൊലീസ് തന്നെയാണ് ഇവരെ ബന്ധുക്കൾക്ക് കൈമാറിയതും.